CrimeNEWS

ഝാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായിയുടെ സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

റാഞ്ചി:  ഝാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അടുത്ത അനുയായിയും സാഹിബ്ഗഞ്ച് മണ്ഡലത്തിലെ എംഎൽഎയുമായ പങ്കജ് മിശ്രയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച റെയ്ഡ് നടത്തി. 17 സ്ഥലങ്ങളിലാണ് ഇഡി ഒരേ സമയം റെയിഡ് നടത്തിയത്.

മിശ്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, ബർഹെത്, രാജ്മഹൽ പ്രദേശങ്ങളിൽ റെയിഡ് നടത്തിയതായാണ് വിവരം. മിശ്രയ്‌ക്കെതിരെ ജാർഖണ്ഡ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. റെയിഡ് വിവിധ ഇടങ്ങളില്‍ തുടരുന്നതായി ഇഡി ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇതൊരു പ്രത്യേക കേസാണെന്നും സംസ്ഥാന ഖനന സെക്രട്ടറി പൂജാ സിംഗാളിനെതിരെ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടല്ല റെയ്ഡുകളെന്നും ഇഡി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

2020 ജൂണിൽ ഒരു ടോൾ ടാക്സ് കരാറുകാരൻ സാഹിബ്ഗഞ്ചിലെ ബധർവ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നിന്നാണ് ഇഡി ഇപ്പോള്‍ അന്വേഷിക്കുന്ന കേസിലേക്ക് എത്തിയത്. പരാതിയിൽ മിശ്രയുടെയും സോറൻ സർക്കാരിലെ ഒരു മന്ത്രിക്കും എതിരെ പല അനധികൃത സാമ്പത്തിക ഇടപാടുകളും ആരോപിച്ചിരുന്നു.

ബധർവ നഗർ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് ടോൾ പിരിവിനുള്ള ടെൻഡർ വിളിച്ചതിലെ ക്രമക്കേടാണ് പരാതിയിലേക്ക് നയിച്ചത്. മന്ത്രിയുടെ സഹോദരനും ടെൻഡറിനായി മത്സരിച്ചെന്നും വഴിവിട്ട നീക്കങ്ങള്‍ നടത്തി ഇയാള്‍ക്കായി ടെണ്ടര്‍ നടപടികള്‍ അട്ടിമറിച്ചെന്നാണ് ആരോപണം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ (എംജിഎൻആർഇജിഎ) ഫണ്ട് വഴിതിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിംഗാളുമായി ബന്ധമുള്ള ജാർഖണ്ഡിലെയും മറ്റിടങ്ങളിലെയും 18 സ്ഥലങ്ങളിൽ ഈ വർഷം ആദ്യം ഇഡി റെയ്ഡുകൾ നടത്തിയിരുന്നു. തുടർന്ന് ഏജൻസി ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

Back to top button
error: