ഐ ഫോണ്‍ പവറൊന്നും പൊയ്‌പ്പോകൂല്ല സാറേ! നദിയില്‍ പത്തുമാസം കിടന്നിട്ടും വീണ്ടെടുത്തപ്പോള്‍ ഉഷാറായി പണിയെടുത്ത് ഐ ഫോണ്‍

ലണ്ടന്‍: ലോകമെങ്ങുമുള്ള മൊബെല്‍ പ്രേമികളുടെ ഇഷ്ട ഫോണാണ് ആപ്പിള്‍ ഐ ഫോണ്‍. മികച്ച സുരക്ഷയും പ്രവത്തനക്ഷമതയും ഗുണനിലവാരവുമൊക്കെയാണ് ആളുകളുടെ ഇഷ്ടഫോണായി ഐ ഫോണിനെ മാറ്റിയത്. കാലമെത്ര കഴിഞ്ഞാലും ആ ഗുണമേന്മയില്‍ യാതൊരു കോട്ടവും വരില്ലെന്നു തെളിയിക്കുന്നൊരു വാര്‍ത്തയാണ് ഐ ഫോണിനെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്നത്. പത്തുമാസം നദിയിലെ വെള്ളത്തില്‍ കിടന്നിട്ടും വീണ്ടെടുത്തപ്പോള്‍ ഫോണ്‍ പ്രവര്‍ത്തന സജ്ജമായി എന്നാണ് ബ്രിട്ടനില്‍നിന്നുള്ള വാര്‍ത്ത. കെട്ടുകഥയെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്.

ബിബിസി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒവൈന്‍ ഡേവീസ് എന്നയാളുടെ ഐഫോണ്‍ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റര്‍ഷെയറിലെ സിന്‍ഡര്‍ഫോര്‍ഡിലെ വൈ നദിയില്‍ കളഞ്ഞുപോയി. പത്ത് മാസങ്ങള്‍ക്ക് ശേഷം മിഗ്വേല്‍ പച്ചെക്കോ എന്നയാള്‍ തന്റെ കുടുംബത്തോടൊപ്പം നദിയില്‍ കൂടി ബോട്ടില്‍ സഞ്ചരിക്കവെ ഈ ഫോണ്‍ കണ്ടെത്തി. പച്ചെക്കോ ഈ ഫോണ്‍ നദിയില്‍ നിന്നും എടുത്ത് ഉണക്കി, വീണ്ടും ചാര്‍ജ് ചെയ്തപ്പോള്‍ അത് ഓണായി ചാര്‍ജ് ആകാന്‍ തുടങ്ങി.

‘മകളുമൊത്ത് നദിയിലൂടെ തോണിയില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് നീലയില്‍ എന്തോ പൊങ്ങിക്കിടക്കുന്നത് കണ്ടു. എടുത്തപ്പോഴാണ് അത് ഐഫോണാണ് എന്ന് മനസിലായത്, തുടര്‍ന്ന് എയര്‍ലൈനും കംപ്രസ്സറും ഉപയോഗിച്ച് ഫോണ്‍ ഉണക്കി. രാത്രി മുഴുവന്‍ അത് എയര്‍ ചെയ്യുന്ന അലമാരയില്‍ വച്ചു. രാവിലെ ഞാന്‍ ചാര്‍ജില്‍ വെച്ചപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, സ്‌ക്രീന്‍സേവര്‍ ആഗസ്റ്റ് 13 എന്ന തീയതിയില്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും ഫോട്ടോ കാണിച്ചു, ആഗസ്റ്റ് 13 അത് വെള്ളത്തില്‍ വീണ ദിവസമാണെന്ന് മനസിലായി – ഗ്ലൗസെസ്റ്റര്‍ഷെയറിലെ ഡ്രൈബ്രൂക്ക് സ്വദേശിയായ മിഗ്വേല്‍ പച്ചെക്കോ പറഞ്ഞു.

ഫോണിന്റെ സ്‌ക്രീന്‍സേവര്‍ പച്ചെക്കോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു, ഇത് സോഷ്യല്‍ മീഡിയയില്‍ നിന്നും ഒവൈന്‍ ഡേവീസിന്റെ ഒരു സുഹൃത്ത് തിരിച്ചറിഞ്ഞു. ഒടുവില്‍ ഫോണ്‍ ഒവൈന്‍ ഡേവീസിന് തിരിച്ചുലഭിച്ചു. പച്ചെക്കോയുടെ ശ്രമത്തെ ഡേവീസ് പ്രകീര്‍ത്തിച്ചു. അന്ന് നദിയില്‍ സഞ്ചരിക്കുമ്പോള്‍ പാന്റിന്റെ ബാക്ക് പോക്കറ്റില്‍ ഫോണ്‍ ഇട്ടതാണ് നഷ്ടപ്പെടാന്‍ കാരണമെന്നും ഡേവീസ് പറയുന്നു.

പുതിയ ഐഫോണ്‍ മോഡലുകള്‍ ഐപി68 വാട്ടര്‍ റെസിസ്റ്റന്റ് ആണ്. അതായത് 30 മിനിറ്റ് വരെ 1.5 മീറ്റര്‍ വരെ ശുദ്ധജലത്തെ പ്രതിരോധിക്കും.
എന്നിരുന്നാലും, ഐഫോണുകള്‍ വെള്ളത്തിനടിയില്‍ നിന്ന് അപൂര്‍വ്വമായി ചിലപ്പോള്‍ ഇത്തരത്തില്‍ അതിജീവിച്ചേക്കാം. 2021 മാര്‍ച്ചില്‍, ഒരു ഐഫോണ്‍ 11 കാനഡയിലെ തടാകത്തിന്റെ അടിയില്‍ ആറുമാസം വീണു കിടന്നിട്ടും കേട് ഒന്നും പറ്റിയില്ലെന്ന് വാര്‍ത്തയുണ്ടായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version