CrimeNEWS

വിവാ​ഹത്തിന് മുമ്പ് പ്രതിശ്രുത വരൻ തട്ടിപ്പുകാരനാണെന്നറിഞ്ഞു; അഴിക്കുള്ളിലാക്കി വനിതാ എസ്ഐ

ഗുവാഹത്തി: വിവാഹത്തിന് മുമ്പ് പ്രതിശ്രുത വരൻ തട്ടിപ്പുകാരനാണെന്നറിഞ്ഞതോടെ അഴിക്കുള്ളിലാക്കി വനിതാ പൊലീസ്. വഞ്ചനാക്കുറ്റത്തിനാണ്  പ്രതിശ്രുത വരനെ അസം പൊലീസിൽ സബ് ഇൻസ്പെക്ടറായ ജുൻമോണി റാഭ അറസ്റ്റ് ചെയ്തത്. വ്യാജ വിവരങ്ങൾ നൽകി എസ്ഐയെ വഞ്ചിക്കുകയും വ്യാജ ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽനിന്നു പണം കൈപ്പറ്റുകയും ചെയ്ത കുറ്റത്തിനാണ് ഭാവി വരനായ റാണ പഗാഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒഎൻജിസിയിൽ പിആർ ഓഫിസറാണെന്നു കള്ളം പറഞ്ഞാണ് ഇയാൾ
വനിതാ എസ്ഐയുമായി വിവാഹം നിശ്ചയിച്ചത്. ഇയാൾ, ഒഎൻജിസി ജീവനക്കാരനല്ലെന്നു ചിലർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു വഞ്ചന എസ്ഐ കണ്ടെത്തിയത്.

ഒഎൻജിസിയിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ഇയാൾ ഒട്ടേറെപ്പേരിൽനിന്ന് പണം വാങ്ങിയതായും പൊലീസ്  കണ്ടെത്തി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകളും സീലുകളും ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. ഈ വർഷം നവംബറിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ‘2021 ജനുവരിയിലാണ് ആദ്യമായി അയാളെ കാണുന്നത്. തുടർന്നു വിവാഹാലോചനയുമായി സമീപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും സമ്മതിച്ചതോടെ കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനായിരുന്നു വിവാഹ നിശ്ചയം. അസം തിരഞ്ഞെടുപ്പിനുശേഷം അയാളും കുടുംബാംഗങ്ങളും എന്നെ കാണാനായി വീട്ടിലെത്തി. പിന്നീട് എനിക്ക് നഗാവിലേക്ക് സ്ഥലം മാറ്റം കിട്ടി. സിൽചാറിലേക്കും മാറ്റം ലഭിച്ചതായും അവിടേക്ക് ജോലിക്ക് പോകുന്നില്ലെന്നും  ഇയാൾ പറഞ്ഞു.

എന്നാൽ അയാളേക്കുറിച്ച്  എനിക്കു ചില സംശയങ്ങളുണ്ടായിരുന്നു– എസ്ഐ പറഞ്ഞു.  ‘കഴിഞ്ഞ ദിവസം എന്നെ കാണാനെത്തിയ മൂന്ന് പേരാണ്  ഇയാളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ എന്നോടു പറഞ്ഞത്. ഇതോടെ എന്റെ സംശയം ബലപ്പെട്ടു. ഒഎൻജിസിയിൽ പിആർ ഓഫിസറാണെന്നാണ് അയാൾ എന്നോടു പറഞ്ഞിരുന്നത്. ഇതു സത്യമല്ലെന്ന് വ്യക്തമായതോടെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തെന്നും അവർ പറഞ്ഞു.

Back to top button
error: