NEWS

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയായി പത്തനംതിട്ട; വേനൽക്കാലത്തും പ്രളയ ഭീഷണി

പത്തനംതിട്ട: കേരളത്തിന്റെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായി.2018 ലെയും 19 ലെയും പ്രളയങ്ങളും വേനല്‍ മഴയിലെ മാറ്റവും എല്ലാം ഈ അഞ്ച് വർഷങ്ങൾക്കുള്ളിൽ സംഭവിച്ചതാണ്.എന്നാൽ പ്രകൃതിയുടെ പിടിതരാത്ത ഈ പ്രതിഭാസങ്ങള്‍ കൂടുതലായി സംഭവിക്കുന്ന നാടായി മാറിയിരിക്കുകയാണ് പത്തനംതിട്ട.മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ മഴയുടെ ശക്തിയും തോതും സമയവും വര്‍ദ്ധിച്ച്‌ വലിയ വിനാശം തീര്‍ക്കുന്നു. വേനല്‍മഴയുടെ പഴയ സ്വഭാവമല്ല ഇപ്പോള്‍. ഇടിമിന്നലും കാറ്റും അപകടം വിതച്ചാണ് അവസാനിക്കുന്നത്.ഓരാേ മഴയും മണിക്കൂറുകള്‍ പെയ്താണ് തോരുന്നത്.
 വേനല്‍മഴ ജില്ലയില്‍ അതിതീവ്രമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.അവിചാരിതമായ മണ്ണിടിച്ചിലും പ്രളയത്തിനും ഇത് കാരണമായേക്കാമെന്ന് കാലാവസ്ഥാ വിഭാഗവും പറയുന്നു.വേനല്‍മഴയിലും പ്രളയം എന്ന പ്രകൃതിയുടെ പ്രതിഭാസത്തെ അതിശയത്തോടെ നാം വരവേല്‍ക്കേണ്ടിയിരിക്കുന്നു എന്ന യീതിയിലേക്കാണ് ഇവിടെ കാര്യങ്ങളുടെ പോക്ക്.
ഏപ്രിൽ 9-ന് അയിരൂരിൽ മൂന്ന് മണിക്കൂറിനുള്ളില്‍ 15 സെന്റിമീറ്റര്‍ മഴയാണ് മഴമാപിനിയില്‍ രേഖപ്പെടുത്തിയത്.എട്ടിന് ജില്ലയില്‍ ഒന്‍പത് സെന്റിമീറ്റര്‍ മഴ പെയ്തതിനു പിന്നാലെയാണ് പിറ്റേന്നും തകര്‍ത്തു പെയ്തത്.ഏപ്രില്‍ മാസത്തില്‍ വേനല്‍മഴ ലഭ്യമാണെങ്കിലും ഇത്രയും ശക്തമായത് അപൂര്‍വമാണെന്ന് കാലാവസ്ഥാ വിഭാഗം വിലയിരുത്തുന്നു.ജില്ലയിലൊട്ടാകെ 156 ശതമാനം അധികമഴ രേഖപ്പെടുത്തിയിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന വേനല്‍മഴ ശക്തി പ്രാപിച്ച്‌ രാത്രിയോടെ അവസാനിക്കുന്നു.ഈ കാലാവസ്ഥാ വ്യതിയാനം തുടര്‍ന്നു പോയാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ലയായി പത്തനംതിട്ട മാറിയേക്കാം.

Back to top button
error: