KeralaNEWS

ദിലീപിന് ഇന്ന് നിർണായകം, അകത്തോ പുറത്തോ; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നു

ദിലീപ് പ്രതിയായ, നടി ആക്രമണക്കേസ് ഒരു സസ്പെൻസ് ത്രില്ലർ സിനിമയേക്കാൾ ഉദ്വേഗഭരിതമായാണ് ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. വിചാരണ അവസാനിച്ച് അവസാനവിധി വരാനിരിക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാർ രംഗപ്രവേശം ചെയ്യുന്നത്. തുടർന്ന് പുനരന്വേഷണം, ദിലീപിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ മുഴുവൻ പേരെയും ചോദ്യം ചെയ്യൽ, ജുഡീഷ്യൽ മജിസ്രേട്ട് കോടതി മുതൽ സുപ്രീം കോടതി വരെയുള്ള വാദപ്രതിവാദങ്ങൾ... പത്രങ്ങൾക്കും, ടെലിവിഷനും, ഓൺലൈൻ മാധ്യമങ്ങൾക്കും കുശാൽ...

കൊച്ചി: മൂന്ന് ദിവസത്തെ മാരത്തോൺ ചോദ്യം ചെയ്യൽ, വിചാരണ നീട്ടാനാവില്ലെന്ന സുപ്രീം കോടതി വിധി, മൊബൈൽ ഫോൺ പിടിച്ചെടുക്കാനുള്ള പൊലീസിന് ശ്രമം, ദിലീപുമായി ബന്ധപ്പെട്ട സകലരേയും പൂട്ടാനുള്ള ഗൂഢനീക്കങ്ങൾ, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം എന്ന് തുടങ്ങി ഒരു സസ്പെൻസ് ത്രില്ലറിനെ വെല്ലുന്ന നിലയിലാണ് ദിലീപ് കേസിൻ്റെ നാൾവഴികൾ. അതിനിടെ ഇന്ന്, അന്വേഷണ ഉദ്യോഗസ്ഥരെ കൊലപെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കുകയാണ്. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറും. ഇത് പരിശോധിച്ച ശേഷമാണ് മുന്‍കൂര്‍ ജാമ്യം നല്‍കണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക .

ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരൻ അനൂപ്, സഹായി അപ്പു എന്നിവർ തങ്ങൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണ് എന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാർ തന്നെ പല തവണ ഭീഷണിപ്പെടുത്തി എന്നും ദിലീപ് വാദിക്കുന്നു. ഫോൺ ഹാജരാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ തനിക്ക് നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ചിനു കഴിയില്ലെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ദിലീപ് കോടതിയെ അറിയിക്കും. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ  പരിഗണിക്കുക.

Back to top button
error: