
തുടർച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ ട്വന്റി -20 പരമ്പര. അഞ്ചാമത്തെ മത്സരത്തിൽ ഇന്ത്യയുടെ വിജയം 36 റൺസിനാണ്. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിൽ രണ്ടെണ്ണം ഇരുടീമുകളും നേടിയിരുന്നു.
20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 225 റൺസാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ വിജയലക്ഷ്യമായി വച്ചത്. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ.
ബാറ്റ്സ്മാന്മാരുടെ പിച്ചിൽ അസാധാരണ മികവോടെ പന്തെറിഞ്ഞാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറാണ് കളിയിലെ കേമൻ.
ഇംഗ്ലണ്ട് സ്കോർ പൂജ്യത്തിൽ നിൽക്കെ അപകടകാരി എന്ന് വിളിക്കപ്പെടുന്ന ജെസൻ റോയിയെ ഭുവി പുറത്താക്കി.എന്നാൽ ഡേവിഡ് മലൻ – ജോസ് ബട്ട്ലർ സഖ്യം സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിനെ കൈപിടിച്ചുയർത്തി. ഇരുവരും കൂട്ടിച്ചേർത്തത് 130 റൺസ്.
ഇന്ത്യയ്ക്ക് പരാജയം മണത്ത ഈ സന്ദർഭത്തിലാണ് ബട്ട്ലറിനെ പുറത്താക്കി ഭുവി ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിന്നാലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകർച്ച. നാലോവറിൽ 45 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു താക്കൂർ.
രോഹിത് ശർമയും വിരാട് കോലിയും ഒത്തുള്ള ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് ക്ലിക്കായി എന്നതാണ് അഞ്ചാം ട്വന്റി -20യുടെ പ്രത്യേകത. ഇരുവരും തകർത്ത് അടിക്കുകയും അർധസെഞ്ചുറി നേടുകയും ചെയ്തു. ട്വന്റി-20 യിലെ ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെതിരെയുളള ഏറ്റവും ഉയർന്ന സ്കോർ ആയ 224 റൺസ് ഈ അടിത്തറയിൽ നിന്ന് ഉണ്ടായതാണ്. ഓപ്പണിംഗ് വിക്കറ്റിൽ 54 പന്തിൽ നിന്ന് കോലി – രോഹിത് സഖ്യം അടിച്ചെടുത്തത് 94 റൺസാണ്. രോഹിത് ശർമ 34 പന്തിൽ നിന്ന് 64 റൺസ് നേടി. വിരാട് കോഹ്ലി 52 പന്തിൽ നിന്ന് 80 റൺസുമായി പുറത്താകാതെ നിന്നു.