വൃദ്ധദമ്പതികളെ അപായപ്പെടുത്താന്‍ ശ്രമം; നാക്ക് മുറിച്ചെടുക്കാന്‍ ശ്രമം,തലയില്‍ പലതവണ കുത്തി പരിക്കേല്‍പ്പിച്ചു

തൃശ്ശൂരില്‍ വൃദ്ധദമ്പതികളെ അപായപ്പെടുത്താന്‍ ശ്രമം. മതില്‍മൂല സ്രാമ്പിക്കല്‍ ഹമീദ് (82) ഭാര്യ സുബൈദ (75) എന്നിവരെയാണ് രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. സുബൈദയുടെ നാക്ക് മുറിച്ചെടുക്കാനും ഇരുവരുടേയും തലയില്‍ പലതവണ കുത്തി മുറിവേല്‍പ്പിക്കാനും ശ്രമിച്ചു. ഇവരുടെ രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, അക്രമകാരികളുടെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ലെന്നും മോഷണശ്രമാണോ എന്നും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ 2.30 ഓടെയാണ് സംഭവം. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ രണ്ടുപേര്‍ പിന്‍ വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു. ഉടന്‍ ഗൃഹനാഥന്‍ കതക് തുറന്നതോടെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടി വന്ന സുബൈദ ഭര്‍ത്താവ് വീണ് കിടക്കുന്നത് കണ്ട് ഒച്ചവെച്ചതോടെ അക്രമികള്‍ ആയുധം ഉപയോഗിച്ച് സുബൈദയുടെ നാവ് മുറിച്ചെടുക്കാന്‍ ശ്രമിച്ചു. പിന്നീട് തലയില്‍ കുത്തി മുറിവേല്‍പ്പിച്ചു. ഇവരുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് സംശയമുളളവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version