സ്വര്‍ണ്ണക്കടത്ത് ഒത്താശ ചെയ്തതും ശിവശങ്കറെന്ന് ഇഡി

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ നിര്‍ണായക വിവരങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്നത് മാത്രമല്ല അദ്ദേഹം ഒത്താശ ചെയ്തിരുന്നതായും ഇഡി വെളിപ്പെടുത്തി.

കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിര്‍ദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്നും കഴിഞ്ഞ നവംബര്‍ 11 ന് ഇത് സംബന്ധിച്ച വാട്‌സപ്പ് സന്ദേശം അയച്ചുവെന്നും ഇഡി പറയുന്നു.

അതേസമയം, ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ റിമാന്‍ഡ് ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടും. എന്നാല്‍ ശിവശങ്കറിന്റെ ജാമായ്‌പേക്ഷയും എറണാകുളം സെഷന്‍സ് കോടതിയുടെ പരിഗണനയിലുണ്ട്.

Exit mobile version