KeralaNEWS

അതിന് മതനിരപേക്ഷ കേരളം മരിക്കണം, ഇടതുപക്ഷമുള്ളിടത്തോളം അത് നടക്കില്ല; മോദിയുടെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി പറഞ്ഞത് പോലെ സംഭവിക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണമെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മലയാളികൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.

ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലർ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും ഈ പ്രസ്താവനയെ പിന്തുണക്കില്ല. വർഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്‌ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓർമ്മിപ്പിച്ചവരാണ് മലയാളികൾ. ആർഎസ്എസിന്‍റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരും. മറിച്ചു സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണം. ഇടതുപക്ഷമുള്ളിടത്തോളം മതനിരപേക്ഷ കേരളത്തിന് മരണമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രിയും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിന് കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല.

ചില താത്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്‍റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജയത്തിന് ശേഷം ഇനി കേരളം ലക്ഷ്യമമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയാണ് സജീവ രാഷ്ട്രീയ ചർച്ച നടക്കുന്നത്. നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സിപിഎമ്മും കോൺഗ്രസും ഒരു പോലെ രംഗത്തെത്തുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അവസ്ഥ കണ്ട് കേരളത്തിൽ പ്രതീക്ഷ വയ്ക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഓർമ്മിപ്പിച്ചു. സിപിഎമ്മും ബിജെപിയും ഗൂഢസഖ്യമുണ്ടാക്കി കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Back to top button
error: