KeralaNEWS

പൊലീസ്അധോലോകം: മലപ്പുറത്ത് എസ്.ഐ അറസ്റ്റിൽ, തൃശൂരിൽ സംഘടനാ നേതാവുൾപ്പെടെ രണ്ട് പോലീസുകാർക്ക് സ്ഥലംമാറ്റം; തലസ്ഥാനത്ത് ഡിവൈ.എസ്.പി അടക്കമുള്ള 23 പേർക്കെതിരെ വിജിലൻസ് അന്വേഷണം

    അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറത്ത് വിജിലന്‍സിന്റെ പിടിയിലായത് രണ്ടു നാൾ മുമ്പാണ്. വഞ്ചനാ കേസിലെ പ്രതിയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.ഐ സുഹൈല്‍ പിടിയിലായത്. കൈക്കൂലി ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറും പിടിയിലായി. നീല ഐഫോണും 3.5 ലക്ഷം രൂപയുമാണ്  കൈക്കൂലിയായി ആവശ്യപ്പെട്ടത്.

തൃശൂരിൽ അധോലോക ബന്ധം ആരോപിക്കപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെക്കൂടി  സ്ഥലംമാറ്റി. പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവായ നഗരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വൈ.അപ്പു, ഡ്രൈവറായ സതീഷ് എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ എ.ആര്‍. ക്യാമ്പിലേക്കു മാറ്റിയത്.

തലസ്ഥാനത്തെ മംഗലപുരം പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും  ഗുണ്ടാ ബന്ധമുണ്ടെന്ന പേരിൽ സ്ഥലം മാറ്റിയത് കുറച്ചു നാൾ മുമ്പാണ്.

മുമ്പൊരിക്കലും ഇല്ലാതിരുന്ന മട്ടിൽ കേരളത്തിലെ പൊലീസ് അഴിമതിയിലും അധോലോക കൃത്യങ്ങളിലും മുങ്ങിക്കഴിഞ്ഞു. നാട്ടിലെ ലോ ആൻഡ് ഓർഡർ പരിപാലിക്കേണ്ട സേനയാണ് ഇത്രയധികം മലീമസമായത്. പൊലീസിനെ ശുദ്ധീകരി നവീകരിക്കാനോ ഉള്ള ഉദ്യമങ്ങളൊന്നും മാറി മാറി വരുന്ന സർക്കാരുകൾ സ്വീകരിക്കാറുമില്ല.

ഗുണ്ട, മാഫിയ ബന്ധത്തിന്റെ പേരിൽ 23 പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം. 10 പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. മറ്റ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികൾ തുടങ്ങി. സ്പെഷൽ ബ്രാഞ്ചിന്റെയും വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടമായി 23 പൊലീസുകാരുടെ പട്ടിക തയാറാക്കിയത്.

ഡിവൈ.എസ്.പി വരെയുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. ഗുണ്ടാ ബന്ധത്തിലൂടെ സ്വത്ത് സമ്പാദനം, മണൽ–മണ്ണ് മാഫിയ ബന്ധം, പലിശക്കാരുമായുള്ള കൂട്ടുകെട്ട്, പരാതികൾ ഒത്തുതീർക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച് ധനസമ്പാദനം തുടങ്ങിയ പരാതികളാണ് പട്ടികയിലുള്ള പൊലീസുകാർക്കെതിരെ ഉള്ളത്. തലസ്ഥാന ജില്ലയിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലും.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയോ രഹസ്യ വിവരമോ ലഭിച്ചാൽ വിജിലൻസിലെ ഇന്റലിജൻസ് വിഭാഗം വിവരങ്ങള്‍ ശേഖരിച്ച് പ്രാഥമിക റിപ്പോർട്ട് നൽകും. ആവശ്യമെങ്കിൽ, റിപ്പോർട്ടിലെ പരാമർശങ്ങളിൽ വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ അന്വേഷണം നടത്തും. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർ പൊലീസ് ആസ്ഥാനത്ത് അനുമതി തേടും. അനുമതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും. വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക മൂന്നു മാസത്തിനുള്ളിൽ തയാറാക്കാനും വിജിലൻസ് ഡയറക്ടർ നിർദേശം നൽകി.

Back to top button
error: