CrimeNEWS

ട്രെയ്നിൽ വൻ കഞ്ചാവ് വേട്ട

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയ്നിൽ നിന്നും കഞ്ചാവ് പിടികൂടി. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ഹസറത്ത്‌ നിസാമുദീൻ തിരുവനന്തപുരം ട്രെയിനിന്‍റെ പുറകിലുള്ള ജനറൽ കോച്ചിനുള്ളിൽ സീറ്റിനടിയിലായി സൂക്ഷിച്ച 4 പൊതികളിലായി 8.215 കിലോഗ്രാം കഞ്ചാവാണു പിടിച്ചെടുത്തത്.

ക്രിസ്തുമസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സിഐ ബി.എൽ. ഷിബു, റെയിൽവേ സംരക്ഷണ സേന എസ്ഐ പി.ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്.

 

കഞ്ചാവ് കടത്തികൊണ്ട് വന്ന പ്രതിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇത്തരത്തിൽ ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ള സാഹചര്യത്തിൽ തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ ഷാഡോ ടീമും ആർപിഎഫും രഹസ്യാന്വേഷണം നടത്തിവരുന്നു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന ശക്തമാക്കിയിട്ടുള്ളതായി എക്സസൈ് സിഐ ബി.എൽ.ഷിബു അറിയിച്ചു. അന്വേഷണ സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർ സന്തോഷ് കുമാർ, അനിൽ കുമാർ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു, ആരോമൽ രാജൻ, അക്ഷയ് സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജു വർഗീസ്, ആർപിഎഫ് സബ് ഇൻസ്‌പെക്ടർമാരായ പി. ഗോപാലകൃഷ്ണൻ, എം. അനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ സുധീഷ് കുമാർ, നിമോഷ്, കോൺസ്റ്റബിൾ പ്രവീൺ രാജ്, വനിതാ കോൺസ്റ്റബിൾ സൗമ്യ എന്നിവർ പങ്കെടുത്തു.

Back to top button
error: