KeralaNEWS

സാരി തരൂ സഞ്ചി തരാം…

കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സർക്കാർ നിരോധിച്ചതിന്റെ ഭാഗമായി തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നതിന് ‘സാരി തരൂ സഞ്ചി തരാം’ പദ്ധതിക്ക് തുടക്കം കുറിച്ച് വടകര നഗരസഭ. നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിയാലി ഹരിതകർമ്മസേന മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. വീടുകളിൽ ഉപയോഗം കഴിഞ്ഞ സാരികൾ വടകരയിലെ ജൂബിലി ടാങ്കിന് അടുത്തുള്ള ഗ്രീൻ ടെക്നോളജി സെന്ററിലോ പഴയ സ്റ്റാൻഡിലെ ദ്വാരക ബിൽഡിംഗിലുള്ള ഗ്രീൻ ഷോപ്പിലോ നൽകിയാൽ പകരം അവിടെനിന്ന് തുണിസഞ്ചികൾ കൊണ്ടുപോകാം.

ഇതുകൂടാതെ വാർഡ് തലങ്ങളിൽ ചുമതലയുള്ള ഹരിതകർമ്മസേന അംഗങ്ങളുടെ കയ്യിലും സാരി നൽകി തുണി സഞ്ചികൾ കൈപ്പറ്റാം. ജൂലൈ ഒന്നുമുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ബദൽ ഉത്പന്നങ്ങൾ എന്നനിലക്കാണ് പുതിയ പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചത്.

പദ്ധതിയുടെ ഗുണം ഓരോ വീടുകളിലും എത്തിക്കാൻ പരമാവധി ശ്രമിക്കും. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് സഞ്ചികളുടെയും മറ്റ് ഉത്പന്നങ്ങളുടെയും ഉപയോഗം പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് നഗരസഭാ ചെയർപേഴ്സൺ കെപി ബിന്ദു അറിയിച്ചു.

Back to top button
error: