HealthLIFE

മങ്കിപോക്‌സ് രോഗലക്ഷണങ്ങള്‍; തിരിച്ചറിയാം ചികിത്സിക്കാം…

രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. മുപ്പത്തിയഞ്ച് വയസുള്ള പുരുഷനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം രോഗലക്ഷണങ്ങള്‍  കണ്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. മങ്കിപോക്സ് സ്ഥിരീകരിക്കപ്പെട്ടതോടെ സംസ്ഥാനമൊട്ടാകെ ജാഗ്രതയിലാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല എന്ന് തന്നെയാണ് വിദഗ്ധര്‍ അറിയിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് വൈറസ് പിന്നീട് ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപകമായി പടരുകയായിരുന്നു.1970കളില്‍ തന്നെ കണ്ടെത്തപ്പെട്ട വൈറസ് ഇതിന് മുമ്പും പലപ്പോഴായി വ്യാപകമായിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ട് ഇത്രമാത്രം പടര്‍ന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ല. കുരങ്ങുപനി, കുരങ്ങ് വസൂരി എന്നെല്ലാം അറിയപ്പെടുന്ന മങ്കിപോക്സ് കുരങ്ങുകളില്‍ നിന്ന് മാത്രമല്ല, കാട്ടില്‍ വസിക്കുന്ന എലികള്‍- അണ്ണാൻ എന്നിങ്ങനെയുള്ള ജീവികളില്‍ നിന്നെല്ലാം മനുഷ്യരിലേക്ക് എത്താറുണ്ട്. ഇവ പിന്നീട് മനുഷ്യനില്‍- നിന്ന് മനുഷ്യനിലേക്ക് എന്ന നിലയില്‍ പകരുകയാണ് ചെയ്യുന്നത്.

നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ചിക്കൻപോക്സ് രോഗവുമായി പല സാമ്യതകളും മങ്കിപോക്സിനുണ്ട്. പ്രത്യേകിച്ച് ദേഹം മുഴുവൻ കുമിളകള്‍ പൊങ്ങുന്ന രോഗലക്ഷണം. എന്നാല്‍ അത്ര നിസാരമല്ല, ഈ രോഗം കടന്നുകിട്ടാൻ എന്നാണ് അനുഭവസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരം. ഏറ്റവുമധികം മങ്കിപോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള യുകെയില്‍ നിന്നാണ് മങ്കിപോക്സ് അനുഭവങ്ങള്‍ രോഗികള്‍ പങ്കുവച്ചിട്ടുള്ളത്.

  • മങ്കിപോക്സ് ലക്ഷണങ്ങള്‍

മങ്കിപോക്സ് ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ടതോടെ ആ രോഗത്തെ കുറിച്ച് അറിയാനുള്ള ആകാംക്ഷ ഏവരിലും വര്‍ധിച്ചിരിക്കുകയാണ്. എന്താണ് ഈ രോഗം? എങ്ങനെയാണ് ബാധിക്കുക എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്ക് പുറമെ ഇവയുടെ ലക്ഷണങ്ങളാണ് മിക്കവര്‍ക്കും അറിയേണ്ടത്.

  • ഇവയാണ് മങ്കിപോക്സിന്‍റെ പ്രധാന ലക്ഷണങ്ങള്‍

പനി
തലവേദന
പേശീവേദന
നടുവേദന
കുളിര്
തളര്‍ച്ച
ലിംഫ് നോഡുകളില്‍ വീക്കം

ഇതിന് പുറമെ ദേഹത്ത് പലയിടങ്ങളിലായി നേരത്തെ സൂചിപ്പിച്ചത് പോലെ കുമിളകള്‍ പൊങ്ങുന്നു. ആദ്യം ചര്‍മ്മത്തില്‍ നേരിയ നിറവ്യത്യാസം പോലെയാണ് കാണപ്പെടുക. ഇതിന് ശേഷം ചെറിയ കുത്തുകള്‍ പോലെ കാണാം. ശേഷം ഇത് വെള്ളം നിറഞ്ഞ കുമിളകള്‍ ആകുന്നു. ഇവയില്‍ പഴുപ്പ് നിറഞ്ഞും കാണാം. ചൊറിച്ചില്‍- വേദന എന്നിവയും അനുഭവപ്പെടാം. ഇത് ഏറെ പ്രയാസമുണ്ടാക്കുന്ന അവസ്ഥയാണെന്നാണ് അനുഭവസ്ഥര്‍ അറിയിച്ചിട്ടുള്ളത്. ശരീരത്തില്‍ സ്വകാര്യഭാഗങ്ങളിലെല്ലാം ഇത്തരത്തില്‍ കുമിളകള്‍ വരാമെന്നും ഇവര്‍ പറയുന്നു.

  • മങ്കിപോക്സ് ചികിത്സ

മങ്കിപോക്സിന് പ്രത്യേകമായി ചികിത്സയില്ല എന്നതാണ് സത്യം. വൈറല്‍ അണുബാധകള്‍ക്കെതിരെ നല്‍കിവരുന്ന ചില മരുന്നുകള്‍ ഇതിനും ഫലപ്രദമാണെന്ന് ഒരു സംഘം ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ചിക്കൻപോക്സ് വാക്സൻ ഒരു പരിധി വരെ മങ്കിപോക്സിനെ പ്രതിരോധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹികാകലം പാലിക്കുക, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കൈകള്‍ ഇടവിട്ട് വൃത്തിയാക്കുക എന്നിവയെല്ലാം മങ്കിപോക്സ് പ്രതിരോധത്തിനായി ചെയ്യാവുന്നതാണ്. വളര്‍ത്തുമൃഗങ്ങള്‍ ഒഴികെയുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലും സൂക്ഷ്മത പുലര്‍ത്തുക. 

Back to top button
error: