KeralaNEWS

പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും ഈ സീസണിലേക്കുള്ള (ഖാരിഫ് 2022) വിഞാപനമായി. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഓരോ പഞ്ചായത്തിനും വിജ്ഞാപനം ചെയ്തിട്ടുള്ള കാലാവസ്ഥാ നിലയത്തിൽ ഇൻഷുറൻസ് കാലയളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥാ ഡേറ്റ അനുസരിച്ചും, വെള്ളപ്പൊക്കം, കാറ്റ് ( വാഴ, കവുങ്ങ്, കൊക്കോ, ജാതി, കുരുമുളക് എന്നീ വിളകൾക്ക് മാത്രം), ഉരുൾപൊട്ടൽ എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ വാഴ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ മാത്രം.

ഓരോ ഇൻഷുറൻസ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. കർഷകർക്ക് ഓൺലൈനായും (www.pmfby.gov.in), സി.എസ്.സി ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴിയും, ഇൻഷുറൻസ് ബ്രോക്കർ പ്രതിനിധികൾ, മൈക്രോ ഇൻഷുറൻസ് പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാം. വിഞ്ജാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരെ അതാത് ബാങ്കുകൾ പദ്ധതിയിൽ ചേർക്കേണ്ടതാണ്
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാറിന്റെ കോപ്പി, നികുതി രസീതിന്റെ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, പാട്ടത്തിന് കൃഷി ചെയ്യുന്ന കർഷകരാണ് എങ്കിൽ പാട്ടക്കരാർ കോപ്പി എന്നിവ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ റീജിയണൽ ഓഫീസുമായോ 0471- 2334493 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക. ടോൾ ഫ്രീ നമ്പർ: 1800-425-7064

 

Back to top button
error: