KeralaNEWS

പട്ടാപ്പകൽ റോഡരികിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ വിളപ്പിൽ പഞ്ചായത്ത് വനിതാ ഓവർസീയർ കുടുങ്ങി

   പട്ടാപ്പകൽ റോഡരികിൽ നിന്നു പരസ്യമായി 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസീയറെ വിജിലൻസ് പിടികൂടി. വിളപ്പിൽ പഞ്ചായത്തിലെ ഓവർസീയർ എസ്.എ ശ്രീലതയെ ആണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുണ്ടമൺകടവ് സ്വദേശി അൻസാർ തന്റെ രണ്ടു നില കെട്ടിടത്തിന്റെ മുകളിലായി മൂന്നാമത്തെ നില പണിയുന്നതിനായി വിളപ്പിൽ പഞ്ചായത്തിൽ കഴിഞ്ഞ മാസം അപേക്ഷ നൽകിയിരുന്നു.

ഓവർസീയർ ശ്രീലതയാണു പരിശോധനയ്ക്ക് എത്തിയത്. കെട്ടിടത്തോടു ചേർന്ന് ഷീറ്റ് പാകിയിട്ടുള്ളതിനാൽ പെർമിറ്റ് കിട്ടാൻ ബുദ്ധിമുട്ടാണെന്നും 10,000 രൂപ നൽകിയാൽ അനുകൂലമായി റിപ്പോർട്ട് തയാറാക്കാമെന്നും ശ്രീലത അൻസാറിനെ അറിയിച്ചു. ഇദ്ദേഹം 1000 രൂപ നൽകി. ബാക്കി തുക പിന്നീട് നൽകാമെന്ന് അറിയിച്ചു.

അൻസാർ ഈ വിവരം വിജിലൻസിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് 4.30നു സ്ഥല പരിശോധന കഴിഞ്ഞു മടങ്ങുന്നതിനിടെയാണു പിടിയിലായത്. പേയാട് ജംക്‌ഷനിൽ വിളപ്പിൽ പഞ്ചായത്ത് ഓഫിസിനു സമീപത്തു വച്ച് അൻസാറിൽ നിന്നു ബാക്കി തുക വാങ്ങുന്നതിനിടെയാണു സ്ഥലത്ത് ഉണ്ടായിരുന്ന വിജിലൻസ് സംഘം ശ്രീലതയെ കയ്യോടെ പിടികൂടിയത്.

സ്കൂട്ടറിൽ ഇരുന്നു കൊണ്ടാണ് അവർ കൈക്കൂലി വാങ്ങിയത്. വേഷം മാറി തൊട്ടടുത്തായി ഉണ്ടായിരുന്ന വിജിലൻസ് സംഘം ശ്രീലതയെ ഉടൻ പിടികൂടി. ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്തലിൻ മുങ്ങിയ നോട്ടുകളാണ് പിടിച്ചെടുത്ത്. മൂന്ന് മണിക്കൂറോളം നീണ്ട നടപടികൾക്കൊടുവിൽ രാത്രി പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

ഇതിനു മുമ്പും പരാതികൾ ഏറെ, ഉയർന്ന ഉദ്യോഗസ്ഥർ താക്കീതു നൽകുകയും ചെയ്തിരുന്നു. എന്നിട്ടും ശ്രീലത കൂസിയിയില്ല

ഓവർസീയർ എസ്.എ ശ്രീലതക്കെതിരെ ഒട്ടേറെ പരാതികൾ നേരത്തെയും വിജിലൻസിന് ലഭിച്ചിരുന്നു. വീടിന്റെ പെർമിറ്റ്, നമ്പർ എന്നിവ നൽകുന്നതിനു കൈക്കൂലി ആവശ്യപ്പെടുന്നതായും അതു കൊടുക്കാൻ വിസമ്മതിക്കുന്നവരുടെ ഫയലുകൾ തീർപ്പാക്കാൻ കാലതാമസം എടുക്കുന്നതായുമുള്ള പരാതികളാണ് വിജിലൻസിന്റെ മുന്നിൽ എത്തിയത്. പക്ഷേ, പേരും മറ്റു വിവരങ്ങളും ഇല്ലാത്ത പരാതികൾ ആയതിനാൽ കൃത്യമായ അന്വേഷണം നടത്താനായില്ല.

എങ്കിലും പഞ്ചായത്ത് ഓഫിസിൽ എത്തിയ ഉദ്യോഗസ്ഥർ ശ്രീലതയ്ക്ക് ഇതു സംബന്ധിച്ച് താക്കീത് നൽകുകയും ഇവർ അനുമതി നൽകിയ ചില റിപ്പോർട്ടുകൾ പരിശോധനയ്ക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു. റിപ്പോർട്ടുകളിൽ ക്രമക്കേട് ബോധ്യപ്പെട്ട വിജിലൻസ് ഒരു മാസത്തിലേറെയായി ഇവരെ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് അൻസാറിന്റെ പരാതി കിട്ടിയത്. തുടർന്നാണ് വിജിലൻസ് കെണി ഒരുക്കിയത്.

Back to top button
error: