EnvironmentTRENDING

വീണ്ടുമെത്തി ആ വട്ടയിലക്കാലം…

പത്തനംതിട്ട: ഇനി തിരിച്ചുവരില്ല എന്നു കരുതിയ ഒരു ശീലത്തിലേക്ക് മലയാളി ഒറ്റദിവസം കൊണ്ട് തിരിച്ചെത്തിയ കാഴ്ചയാണ് പ്ലാസ്റ്റിക് നിരോധനത്തിന്‍െ്‌റ ആദ്യദിനം പിന്നിടുമ്പോള്‍ കാണാനാകുന്നത്. മീന്‍ വാങ്ങാന്‍ സമീപത്തെ വട്ടമരത്തിന്‍െ്‌റയോ തേക്കിന്‍െ്‌റയോ വാഴയുടെയോ സമീപത്തേക്കോടി ഇലപറിച്ചിരുന്ന ആ കാഴ്ച വീണ്ടും കേരളത്തിന്‍െ്‌റ നാട്ടിന്‍പുറങ്ങളില്‍ തിരിച്ചെത്തിയിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ എത്ര മാറിയെന്ന് അറിയണമെങ്കില്‍ മത്സ്യ, മാംസ വില്‍പനശാലകളില്‍ ചെല്ലണം. ആവശ്യമെങ്കില്‍ ഇങ്ങിനെയുമാകാം എന്ന് പ്ലാസ്റ്റിക് നിരോധനം മലയാളിയെ ബോധ്യപ്പെടുത്തിയ ലക്ഷണമാണ് അവിടെ കാണാനാകുക.

മുമ്പ് മത്സ്യക്കടകളില്‍ മീന്‍ നല്‍കിയിരുന്നത് പ്ലാസ്റ്റിക് കവറുകളിലായിരുന്നു. ഐസ് ഇട്ടതോ ഫ്രീസറില്‍ തണുപ്പിച്ചതോ ആയതിനാല്‍ മീന്‍ കടലാസ് കൂടുകളില്‍ നല്‍കുക സാധ്യമായിരുന്നില്ല. ഇറച്ചിയും ഇങ്ങനെതന്നെ. എന്നാല്‍ മാട്, ആട് ഇറച്ചികള്‍ വെട്ടിത്തൂക്കി നല്‍കിയിരുന്നയിടങ്ങളില്‍ ഇവ പ്ലാസ്റ്റിക് ക്യാരി ബാഗിലോ ഉപഭോക്താവ് കൊണ്ടുവരുന്ന കവറുകളിലോ നല്‍കിയിരുന്നു. എന്നാല്‍ ഒന്നാം തീയതി പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കിയതോടെ ഈ സമ്പ്രദായങ്ങള്‍ അവസാനിച്ച മട്ടാണ്. കടകളിലേക്ക് പാത്രങ്ങളുമായാണ് ആളുകളെത്തുന്നത്.

പഴയ മാര്‍ഗത്തിലേക്ക് ഇറച്ചിവെട്ടുകാര്‍ പലരും തിരിഞ്ഞുകഴിഞ്ഞു. തേക്കിലയും വാട്ടിയ വാഴയിലയും കട്ടികൂടിയ പേപ്പറും പലരും ഉപയോഗിച്ചു തുടങ്ങി. ഇവരെക്കാളൊക്കെ പുതിയ മാര്‍ഗം തേടുന്നത് ഓണ്‍െലെന്‍ ഭക്ഷണ ഏജന്‍സികളിലെ വിതരണക്കാരാണ്. ഹോട്ടലുകളില്‍നിന്നു റസ്റ്ററന്റുകളില്‍നിന്നും ലഭിക്കുന്ന ഭക്ഷണപ്പൊതികളില്‍ അലുമിനിയം ഫോയില്‍ ഡിഷുകള്‍ക്കുള്ളില്‍ ഉള്ളവയ്ക്കൊപ്പം നല്‍കിയിരുന്ന ചെറു ഡിഷസ് പലപ്പോഴും പ്ലാസ്റ്റിക് കവറുകളിലായിരുന്നു. ബിരിയാണി പോലുള്ളവയ്ക്ക് ബദല്‍ മാര്‍ഗമുണ്ടെങ്കിലും പ്രത്യേകമായി നല്‍കിയിരുന്ന സാലഡ്, അച്ചാര്‍ തുടങ്ങിയവയ്ക്കായി പുതിയ വഴി അന്വേഷിക്കുന്നു.

പാഴ്സലുകള്‍ക്കുള്ളില്‍ വയ്ക്കാന്‍ പ്ലാസ്റ്റിക് സ്പൂണുകള്‍ക്ക് പകരം പാള, കനം കുറഞ്ഞ തടിസ്പൂണ്‍ എന്നിവ ഉപയോഗിച്ചുതുടങ്ങി. പേപ്പര്‍ പ്ലേറ്റുകള്‍ക്ക് പകരം പാള പ്ലേറ്റുകളും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പലയിടത്തും ഇവ ആവശ്യത്തിന് ലഭിക്കാനില്ല. പച്ചക്കറി, പലചരക്ക് കടകളിലെത്തുന്നവര്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞു നല്‍കുന്നവ സന്തോഷത്തോടെ സ്വീകരിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.

പലരും തുണിക്കകവറുകളുമായി എത്തിത്തുടങ്ങി. കല്യാണമുള്‍പ്പെടെയുള്ള പല പരിപാടികള്‍ക്കും സ്വീകരണ ഭാഗമായി കാറ്ററിങ്ങുകാര്‍ തയാറാക്കിയിരുന്ന പ്ലാസ്റ്റിക് കപ്പുകളും മറ്റും വേണ്ടെന്ന് വച്ചിട്ടുണ്ട്. ഇത്തരം പരിപാടികള്‍ക്കായി നേരത്തെ തയാറാക്കിയ തെര്‍മോക്കോള്‍ ബോര്‍ഡുകളും അക്ഷരങ്ങളും മാറ്റി പേപ്പറില്‍ പ്രിന്റ് ചെയ്തും തുണിയില്‍ എഴുതിയുമൊക്കെ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും.

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടികകൈവശമുണ്ടെങ്കിലും പകരം എന്തു നല്‍കും എന്ന ആലോചനയിലാണ് ചിലര്‍. പകരം നല്‍കാനുള്ള വസ്തുക്കളുടെ ദൗര്‍ലഭ്യമാണ് കാരണം. എങ്കിലും പ്ലാസ്റ്റിക്കില്ലാതെ ജീവിക്കാനാവുമെന്ന് കേരളീയര്‍ ഒരു ദിവസം കൊണ്ടുതന്നെ തെളിയിച്ചിരിക്കുന്നു.

Back to top button
error: