NEWS

ഇന്ത്യൻ ഫുട്ബോൾ ടീമിന് പ്രചോദനം നല്‍കാൻ ജ്യോത്സ്യൻ; ശമ്പളം 16  ലക്ഷം രൂപ !!

കൊൽക്കത്ത : എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ 24ല്‍ ഒരു ടീമാണ് ഇന്ത്യ.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ടീം യോഗ്യത നേടിയത്. കംബോഡിയക്കെതിരെ 2-0 ത്തിന്റെ വിജയവുമായി ആയിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നീട് അഫ്ഗാനിസ്ഥാനെ 2-1നും ഹോങ്കോങ്ങിനെ 4-0നും തോല്‍പ്പിച്ചാണ് ഇന്ത്യ യോഗ്യത നേടിയെടുത്തത്. ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കണ്ടത്.
എന്നാൽ ഇതിന് പിന്നാലെയാണ് ആ വാർത്ത പരന്നത്.ഇന്ത്യൻ ടീമിന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഒരു ജ്യോത്സ്യൻ ആണത്രെ.വെറും ജ്യോത്സ്യൻ അല്ല, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ച ജ്യോത്സ്യൻ.ശമ്പളം 16 ലക്ഷം രൂപ!!
“ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് വേണ്ടി ഒരു മോട്ടിവേറ്ററെ നിയമിച്ചിട്ടുണ്ട്.ഒരു ജ്യോതിഷ സ്ഥാപനമാണ് ടീമിന് പ്രചോദനം നല്‍കാനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്,” ടീമുമായി ബന്ധപ്പെട്ട ഒരാൽ പറഞ്ഞു. “വ്യക്തമായി പറഞ്ഞാല്‍ ടീമിനെ പ്രചോദിപ്പിക്കുന്നതിനായി ഒരു ജ്യോത്സ്യനെ നിയമിച്ചിരിക്കുകയാണ്. 16 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എഐഎഫ്‌എഫ് ജനറല്‍ സെക്രട്ടറി സുനന്ദോ ധര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയ്യാറായില്ല.അതേസമയം മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ തനുമയ് ബോസ് എഐഎഫ്‌എഫിന്‍െറ ഈ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
“യൂത്ത് ലീഗുകളും ടൂര്‍ണമെന്‍റുകളും കൃത്യമായി നടത്താന്‍ പോലും തയ്യാറാവാത്ത ഫുട്ബോള്‍ ഫെഡറേഷന്‍ ഇത്തരം കാര്യങ്ങളുടെ പുറകേ പോവുന്നത് ഇന്ത്യന്‍ ഫുട്ബോളിന്‍െറ നല്ല പേര് കളയാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ,” ബോസ് പറഞ്ഞു.വിശദമായി അന്വേഷണം നടത്തി ആരെല്ലാമാണ് ഇതിന്റെ ഉത്തരവാദികളെന്ന് കണ്ടെത്തണം. നിരവധി അഴിമതികള്‍ ഇതുപോലെ പുറത്ത് വന്നേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പ്രഫുല്‍ പട്ടേല്‍ പുറത്തായതോടെ സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള മൂന്നംഗ സമിതിയാണ് ഇപ്പോള്‍ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

Back to top button
error: