സ്വപ്നയ്ക്കെതിരെ പരാതി കൊടുത്തത് ഭയമില്ലാത്തത് കൊണ്ട്; സരിതയ്‌ക്കെതിരേ അവര്‍ പരാതി കൊടുക്കാഞ്ഞത് സ്വയം കുടുങ്ങുന്നതുകൊണ്ട്: ജലീല്‍

സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും. പരാതി കൊടുത്താല്‍ കുടുങ്ങുമെന്ന് അവര്‍ക്കറിയാം

മലപ്പുറം: സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കേസെടുത്തത് തങ്ങള്‍ക്ക് ഒന്നും ഭയക്കാനില്ലാത്തതിനാലെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍െ്‌റ കാലത്ത് സോളാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത എസ്.നായര്‍ക്കെതിരെ കേസെടുക്കാത്തത് സരിതക്കെതിരെ പരാതി കൊടുത്ത് അന്വേഷണം നടന്നാല്‍ സ്വയം കുടുങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ടാണെന്നും ജലീല്‍ പരിഹസിച്ചു. സ്വപ്നയ്ക്കെതിരെ തങ്ങള്‍ പരാതി കൊടുത്തത് അത്തരം ഭയമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്ന സുരേഷിനെതിരെ കേസെടുത്തത് എന്തുകൊണ്ടെന്നും സോളാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത എസ്.നായര്‍ക്കെതിരെ കേസെടുക്കാഞ്ഞത് എന്തുകൊണ്ടാണെന്നും വിശദീകരിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അവര്‍ക്കുറപ്പാണ്. എന്നാല്‍ സ്വപ്ന നടത്തിയ ജല്‍പ്പനങ്ങള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേര്‍ന്നിട്ടില്ല. ഏത് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താന്‍ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാന്‍’ ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version