FoodLIFE

കപ്പ നടും മുന്നേ അറിയാം ചില കാര്യങ്ങൾ

ല്ല ഇളക്കമുള്ള പൊടി മണൽ കലർന്ന മണ്ണാണ് കപ്പ കൃഷിക്ക് അനുയോജ്യം. കല്ലിന്റെ അംശം കുറവുള്ള പതുപതുപ്പുള്ള ചുവന്ന മണ്ണിലും വയൽരാശി മണ്ണിലും കേരളത്തിൽ കപ്പ മികച്ച വിളവ് നൽകുന്നതായി കാണുന്നു. കട്ടിയുള്ള കളിമണ്ണിൽ കപ്പ നന്നായി വിളയാറില്ല. മണ്ണിന്റെ പി.എച്ച്. മൂല്യം 5 നും 7 നും ഇടയിലുമാണ് എങ്കിൽ നല്ലതാണ്.
രോഗ-കീട വിമുക്തമായ തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന തണ്ടുകൾ മുറിച്ച് നട്ടാണ് മരച്ചീനി കൃഷിചെയ്യുന്നത്. തണ്ടിന്റെ ചുവട്ടിൽ നിന്നുള്ള 15 സെന്റിമീറ്റർ ഭാഗവും മുകൾഭാഗത്തെ മൂപ്പുകുറഞ്ഞ ഇളംഭാഗം 30 സെന്റിമീറ്റർ ഭാഗവും നടാൻ പറ്റിയതല്ല. ഇതിനിടയിൽ വരുന്ന കൊമ്പിന്റെ ഭാഗം 20 സെന്റിമീറ്റർ നീളത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചാണ് കൊമ്പു കുത്തേണ്ടത്.
വിളവെടുപ്പിന് ശേഷം പറമ്പിൽ നിന്ന് ശേഖരിക്കുന്ന കമ്പുകൾ മരത്തിന്റെയോ മറ്റോ തണലിൽ കുത്തനെ ചാരി നിർത്തി സംരക്ഷിക്കണം. കമ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് നല്ല വായു സഞ്ചാരം അത്യാവശ്യമാണ്.
കമ്പിൽ നടുന്നതിന് മുമ്പ് കീടങ്ങളോ ചെതുമ്പലുകളോ വന്നാൽ വേപ്പെണ്ണ അധിഷ്ഠിത കീടനാശിനിയോ, ജൈവകീടനാശിനിയോ തളിക്കാം. നടുന്നതിന് മുമ്പ് അടിവളമായി ചാണകപ്പൊടിയോടുകൂടെ തടത്തിന് 100 ഗ്രാം വരെ വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് ഉത്തമമാണ്. ബ്യുവേറിയ ബാസിയാനയെന്ന മിത്ര ജീവാണു വളം 10 ശതമാനം വീര്യത്തിൽ തണ്ടിൽ തളിക്കാം.
ആദ്യമായി കൃഷിസ്ഥലം നന്നായി കളകൾ മാറ്റി വൃത്തിയാക്കിയതിന് ശേഷം ആഴത്തിൽ രണ്ടുമൂന്നു തവണ കിളച്ചുമറിക്കണം. കമ്പുകൾ മണ്ണ് കൂനകൂട്ടിയോ, വാരമെടുത്തോ ചെറിയ കുഴിയിലോ നടാവുന്നതാണ്. നടുമ്പോൾ നെടുംതല അടിയിലേക്കാക്കി നടാൻ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണിന്റെ ഘടനയും സ്വഭാവവും മനസ്സിലാക്കി മഴക്കാലത്ത് ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാത്ത തരത്തിലും അടിത്തണ്ട് ചീയാത്ത രീതിയിലുമാണ് കൂനയൊരുക്കേണ്ടത്. കുഴികളിലാണ് നടുന്നതെങ്കിൽ നട്ടതിന് ശേഷം തൂമ്പ് വന്ന് തുടങ്ങിയാൽ വളം ചേർത്ത് മൂടി കൂന കൂട്ടിക്കൊടുക്കണം. കൂനകളിൽ നടുന്നതാണ് മരച്ചീനിക്ക് ഉത്തമമെന്ന് പറയപ്പെടുന്നു.
സാധാരണയായി ഏപ്രിൽ-മെയ്, സപ്തംബർ-ഒക്ടോബർ മാസങ്ങളിലാണ് കപ്പ കൃഷിയിറക്കാറ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നട്ടാൽ കപ്പ കൃഷിക്ക് കാലവർഷവും തുലാവർഷവും ലഭ്യമാകും. നനസൗകര്യം കൂടുതലുള്ളയിടങ്ങളിൽ മറ്റ് മാസങ്ങളിലും കപ്പ കൃഷിയിറക്കാം. ഒരു കൂനയ്ക്ക് ഒരു കിലോഗ്രാം കാലിവളം, 100 ഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിങ്ങനെ അല്പം കുമ്മായവും വിതറി ചേർത്ത് അടിവളം കൊടുക്കാം. വരികൾ (കൂനകൾ) തമ്മിലും കമ്പുകൾ തമ്മിലും കുറഞ്ഞത് 90 സെന്റിമീറ്റർ വരെയെങ്കിലും അകലം അത്യാവശ്യമാണ്. ശിഖരങ്ങളില്ലാതെ വളരുന്ന പൊക്കംവെക്കുന്ന ഇനങ്ങൾക്ക് 70 സെന്റിമീറ്റർ അകലം മതിയാകും. കമ്പുകൾ നട്ട് 10-12 ദിവസത്തിനകം കിളിർത്തുവരും. 15 ദിവസമായിട്ടും കിളിർക്കാത്ത കമ്പുകൾ മാറ്റി അല്പം നീളം കൂടിയ (ഇരട്ടിനീളം) കമ്പ് നട്ടുകൊടുക്കണം.
ജൈവ കൃഷിയിൽ ചാണകവും കോഴിവളവും സെന്റിന് 30 കിലോഗ്രാം എന്ന തോതിൽ (ചുവടിന് അര കിലോഗ്രാം) കൊടുക്കാം. 15 ദിവസത്തിനും ഒരു മാസത്തിനും ഇടയിലാണ് വളം കൊടുക്കേണ്ടത്. കാലിവളവും കോഴിവളവും ചാണകപ്പാലിൽ കടലപ്പിണ്ണാക്ക് കുതിർത്ത് നേർപ്പിച്ചതും ചേർത്തതിന് ശേഷം നന്നായി നനകൊടുത്ത് മണ്ണ് കയറ്റി മൂടണം.
ആദ്യത്തെ വളം കൊടുക്കലിനും മണ്ണ് കയറ്റലിനും ശേഷം പിന്നീട് ഒന്നരമാസത്തിനും 2 മാസത്തിനും ഇടയിലായും പിന്നീട് മൂന്ന് മാസത്തിനകവുമാണ് വളപ്രയോഗം നടത്തേണ്ടത്. കളകൾ ഒഴിവാക്കലും ഇടയിളക്കലും മണ്ണ് കയറ്റലും കൃത്യമായ ഇടവേളകളിൽ ചെയ്തുകൊടുക്കണം. ഒരു മാസത്തിന് ശേഷം കമ്പിൽ മുളച്ചുവരുന്ന രണ്ട് മുളകൾ മാത്രം നിർത്തി ബാക്കി മുളകൾ അടർത്തിക്കളയണം. സാധാരണയായി മരച്ചീനി നനച്ച് കൃഷി ചെയ്യാറില്ല. വരൾച്ചയെ പ്രതിരോധിക്കാനുള്ള ശേഷി കപ്പ പൊതുവേ പ്രകടിപ്പിക്കാറുണ്ട്. നനയ്ക്ക് സൗകര്യമുണ്ടെങ്കിൽ നനച്ചുകൊടുക്കുന്നത് നല്ലതാണ്. നനച്ച് വളർത്തുന്ന കപ്പയിൽ നിന്ന് നനയ്ക്കാതെ വളർത്തിയ കപ്പയേക്കാൾ രണ്ടിരട്ടി വിളവുവരെ കിട്ടിയ സംഭവങ്ങളുണ്ട്. ഓരോ കൂനയിലും നനയ്ക്കുകയാണെങ്കിൽ മാസത്തിലൊരിക്കലും ഒന്നിടവിട്ട കൂനയിലാണ് നനയ്ക്കുന്നതെങ്കിൽ 20 ദിവസത്തിലൊരിക്കലും നനച്ചാൽ മതിയാകും.
കപ്പ കൃഷിയെ പ്രധാനമായും ബാധിക്കുന്ന വൈറസ് ജന്യ രോഗമാണ് മൊസൈക്ക് രോഗം. ഇത് മുൻകരുതലുകളോടെ മാത്രമേ ചെറുക്കാനാകൂ. മൊസൈക്ക് രോഗബാധയേൽക്കാത്ത തോട്ടങ്ങളിൽ നിന്നാണ് കമ്പ് സംഘടിപ്പിക്കേണ്ടത്.
സാധാരണ മരച്ചീനിയിനങ്ങളുടെ മൂപ്പ് 9-10 മാസമാണ്. വിളവുമൂപ് കുറഞ്ഞ ഇനങ്ങൾ 7-8 മാസം കൊണ്ട് വിളവെടുക്കാം.കിഴങ്ങ് പറിക്കുന്നതിന് മുമ്പ് മൺകൂനകൾ ഒന്ന് നനയ്ക്കാൻ കഴിയുകയാണെങ്കിൽ കിഴങ്ങ് പറിക്കാൻ എളുപ്പമാവും.

Back to top button
error: