ഓൺലൈൻ ചൂതാട്ടം കടക്കെണിയിലാക്കി; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെത്തുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ താര (35), ആണ്‍മക്കളായ ധരണ്‍ (10), ധഗന്‍ (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തൂങ്ങിമരിച്ചത്.

തുറൈപാക്കത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാംനിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നത്. ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠന്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയതിനുശേഷം മക്കളെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. എന്നാല്‍, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നുവെന്നും അതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭീമമായ തുക കടമുണ്ടായിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version