KeralaNEWS

ഐഎം വിജയൻ:കേരളത്തിന്റെ കറുത്ത മുത്ത്; ഇന്ത്യയുടെ കാലാഹിരൺ

ഫുട്ബോളിലും സിനിമയിലും പോലീസിലും എന്നുവേണ്ട തൊട്ടതെല്ലാം വിജയമാക്കിയ
 ഐഎം വിജയന്റെ വിജയകഥ
 
 
*വിജയന്റെ ഓർമകളിൽ ഏറ്റവും രസകരമായി നിൽക്കുന്ന ഒന്ന് നാട്ടിലെ ഓണാഘോഷമാണ്. ” ഓണാഘോഷത്തിന് വീട്ടിൽ അത്തപ്പൂക്കളമൊരുക്കാൻ ആവശ്യത്തിന് പൂവൊന്നും കാണില്ല. അപ്പോൾ ഞങ്ങൾ കുട്ടികളെല്ലാം ചേർന്ന് അടുത്ത വീടുകളിലും പറമ്പുകളിലും പാടത്തുമൊക്കെ നടന്ന് കിട്ടാവുന്നത്രയും പൂക്കൾ ശേഖരിച്ച് പൂക്കളം തീർക്കും.അതുപോലെ തന്നെയായിരുന്നു ഓണസദ്യയുടെ കാര്യവും. തിരുവോണനാളിൽ ഉണ്ടാക്കുന്ന അപ്പത്തിന്റെയും അടയുടെയും സ്വാദ് ഒന്ന് വേറെത്തന്നെയാണ്.കാരണം വീട്ടിൽ ഒന്നും കാണില്ല.അടുത്ത വീട്ടിലെത്തി ആരും കാണാതെ ‘പൊക്കി’ തിന്നലായിരുന്നു അന്നത്തെ പണി.തിരുവോണനാളായതുകൊണ്ട്  രാവിലത്തെ അപ്പവും അടയും അവിടെ ബാക്കി കാണുമായിരുന്നു.”
ഐ.എം വിജയൻ, ആ പേര് കേൾക്കാത്ത മലയാളി ഉണ്ടാവില്ല. ഇന്നും കളിക്കളങ്ങളെ  ആവേശത്താൽ ഇളക്കി മറിക്കാൻ കഴിയുന്ന പ്രതി ഭ. തീക്ഷ്ണമാ‍യ ജീവിതാനുഭവങ്ങളെ പിറകോട്ടു തട്ടി ഇന്ത്യൻ ഫുട്ബാൾ ടീമിൻറെ നായകനിലേക്ക് വളർന്നയാൾ. കളി മൈതാനങ്ങള ിൽ കാലം മായ്ക്കാത്ത കാൽപ്പാടുകൾ പതിപ്പിച്ച് അന്താരാഷ്ട്ര ഫുട്ബാളിനോട് വിടപറഞ്ഞിട്ടും അയനിവളപ്പിൽ മണി വിജയൻ   നമുക്കിടയിലുണ്ട്. സെവൻസ് പാടങ്ങളിലും  പൂരപ്പറമ്പുകളിലും താരജാഡകളില്ലാതെ വിജയനെക്കാണാം. കളിക്കാരനായും പൊലീസുകാരനായും സിനിമാ നടനായും നിറഞ്ഞുനിൽക്കുന്നു പ്രിയ താരം 
 1999-ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയ വിജയൻ പ്രധാനമായും മുന്നേറ്റ നിലയിലാണ് കളിച്ചിരുന്നത്.ചില മലയാള ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഐ.എം. വിജയൻ മുഖ്യകഥാപാത്രമായി എത്തിയ ‘മ് മ് മ്…’ (സൗണ്ട് ഓഫ് പെയിൻ ) 2021 ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും ചെയ്തിരുന്നു.

 
ഇന്ത്യന്‍ ടീമിന്റെ ഫുഡ്‌ബോള്‍ ജേഴ്‌സി അണിയുമ്പോൾ തന്നെ  മോഹന്‍ബഗാനില്‍ ജെസിടിയിൽ എഫ്സി കൊച്ചിനിൽ ഈസ്റ്റ് ബംഗാളിൽ ചർച്ചിൽ ബ്രദേഴ്സിൽ… അങ്ങനെ കാല്‍പന്തിന് പിറകിലോടി വിസ്മയം തീര്‍ത്ത മലയാളിയാണ് ഐഎം വിജയന്‍.പഴയ തലമുറയ്ക്ക് ഫുഡ്‌ബോള്‍ എന്നാല്‍ ഐഎം വിജയന്‍ മാത്രമാണ്.കാല്‍പന്ത് കളിയിലെ ഈ മാന്ത്രികൻ സിനിമാ സ്‌നേഹികൾക്കും ഇന്ന്  പ്രിയപ്പെട്ടവനാണ്.മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ജയരാജ് ചിത്രം ശാന്തത്തിലൂടെയാണ് ഫുട്ബോൾ ഇതിഹാസം ബൂട്ട് അഴിച്ചുവെച്ച് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നു കയറുന്നത്.
കളിക്കളത്തില്‍ കാണിച്ചിട്ടുള്ള മായാജാലമൊന്നും കാണിക്കാന്‍ സിനിമയിൽ വേണ്ടത്ര അവസരമൊന്നും ഐ എം വിജയന് കിട്ടിയിട്ടില്ലെങ്കിലും കിടിലന്‍ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വിജയന് സാധിച്ചിട്ടുണ്ട്.നല്ല പക്കാ തൃശൂര്‍ സ്ലാങ്ങും അന്യായ ലുക്കും കൊണ്ട് സ്‌ക്രീനില്‍ ചെറിയ റോളില്‍ ആണെങ്കിലും വിജയന്റെ പെർഫോമൻസ് കണ്ടിരിക്കാന്‍ രസമാണ്.പൊറിഞ്ചു മറിയം ജോസ്സില്‍ തന്നെ രണ്ടോ മൂന്നോ സീനില്‍ മാത്രം വരുന്ന കുര്യച്ചിറ ജോര്‍ജ്ജിന്റെ ബുള്ളറ്റിലുള്ള വരവൊക്കെ പുതുതലമുറയിലെ ഭാഷയിൽ പറഞ്ഞാൽ നല്ല കട്ട മാസ്സ് ആയിരുന്നു.
 “ജോസ് മാത്രം ആയിരുന്നെങ്കി നോക്കാര്‍ന്നു.പൊറിഞ്ചു മ്മടെ കയ്യീ നിക്കില്ല്യാ ഐപ്പേട്ടാ.പോട്ടെ..”സംഭവം ചുമ്മാ വന്ന് പൊറിഞ്ചുവിന് ബില്‍ഡപ്പ് കൊടുത്ത് പോകുന്ന ചെറിയ റോള്‍ ആയിരുന്നെങ്കിലും ഒന്നൊന്നര വരവും ഇമ്പാക്റ്റും ആണ് ഈ ചെറിയ സീനില്‍ വിജയൻ ഉണ്ടാക്കിയത്.
വിശാല്‍ നായകനായി അഭിനയിച്ച തിമിര് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും ഒരു കൈ നോക്കിയെങ്കിലും വി എം വിനു സംവിധാനം ചെയ്ത് കലാഭവന്‍ മണി നായകവേഷത്തിലെത്തിയ ആകാശത്തിലെ പറവകള്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് വിജയനെ ഏറെ ശ്രദ്ധേയനാക്കിയത്. ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് അതില്‍ ഐഎം വിജയൻ നടത്തിയത്.ഭയവും വെറുപ്പും ഉളവാക്കുന്ന പാളയാര്‍ മാണിക്യം എന്ന കഥാപാത്രമായി ഐഎം വിജയന്‍ ആ സിനിമയില്‍ നിറഞ്ഞു നിന്നു. ദി ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമായിരുന്നു വിജയന്റേത്.വിജയ് നായകനായി ഫുഡ്‌ബോള്‍ പശ്ചാത്തലമായി ഒരുങ്ങിയ ബിഗില്‍ എന്ന ചിത്രത്തിലും കേരളത്തിന്റെ കറുത്ത മുത്ത് ഉണ്ടായിരുന്നു.
“മലയാളത്തില്‍ മാത്രമേ പുള്ളി നന്നായി കാണാത്തത് ഉള്ളൂ. അഭിനയിച്ച തമിഴ് പടങ്ങളില്‍ ഒക്കെ കിടുവാണ്. നല്ല വേഷങ്ങളും തമിഴില്‍ കിട്ടിയിട്ടുണ്ട്”- എന്നാണ് ഒരാള്‍ ഐഎം വിജയനിലെ നടനെ കുറിച്ച് പറഞ്ഞത്.
 “ആകാശത്തിലെ പറവകളില്‍ പുള്ളിയുടെ ഇന്‍ട്രോ കിടു ആണ്. ലോറിയില്‍ നിന്ന് ചാടി ഇറങ്ങി ഫുട്‌ബോള്‍ എടുത്ത് തന്റെ ട്രേഡ് മാര്‍ക്ക് ആയ സിസര്‍ കട്ട് അടിക്കുന്നു” എന്നാണ് മറ്റൊരാള്‍ അഭിപ്രായം പറഞ്ഞത്.
വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമായിരുന്നു കാലാഹിരൺ (काला हिरण्) (black deer).ഇതോടുകൂടിയാണ്  ചലച്ചിത്രാഭിനയരംഗത്തേക്കും വിജയൻ  തിരിയുന്നത്.ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശനം.തുടർന്ന് നവാഗതനായ വിനോദ് സം‌വിധാനം ചെയ്ത കൊട്ടേഷൻ എന്ന ചിത്രത്തിലും അഭിനയിച്ചു.ഈ ചിത്രത്തിൽ കേരള പോലീസ് ടീമിൽ ഒപ്പം കളിച്ചിരുന്ന സി. വി. പാപ്പച്ചനും വിജയനോടൊപ്പം ഉണ്ടായിരുന്നു.
ഫുട്ബോളിൽ ഐഎം വിജയൻ-സി വി പാപ്പച്ചൻ കൂട്ടുകെട്ട് എതിർടീമുകൾക്ക് എന്നും പേടിസ്വപ്നമായിരുന്നു.
ഐഎം വിജയന്റെ കുട്ടിക്കാലം ദുരിതപൂർണമായിരുന്നു.വിജയന്റെ ചെറുപ്പത്തിലേ അച്ഛൻ മണി മരിച്ചു.പിന്നെയെല്ലാം അമ്മയായിരുന്നു.കൂലിപ്പണി എടുത്തായിരുന്നു അമ്മ കുടുംബം പോറ്റിയിരുന്നത്.വിശപ്പ് മറക്കാനുള്ള വിജയന്റെ അന്നത്തെ പ്രധാന ഹോബി ഫുട്ബോൾ തട്ടലായിരുന്നു.ഫുട്ബോളെന്നുവച്ചാൽ  പഴന്തുണികൾ ശേഖരിച്ച് ചുരുട്ടിക്കെട്ടിയ തുണിപ്പന്ത്.അങ്ങനെ കോലോത്തുംപാടത്തെ ഇടവഴികളിലും കൊയ്തൊഴിഞ്ഞ പാടത്തും വിജയൻ പന്ത് തട്ടിവളർന്നു.”കളി എന്നു പറഞ്ഞാൽ കൂരാപ്പ് വരെ  കളി. സ്കൂളിൽ
പോയിട്ടു വന്നാലുടൻ  ഞങ്ങൾ തുണിപ്പന്തുമായി കളിക്കാനിറങ്ങും. നാട്ടിൽ പൊതുവെ എല്ലാവരും ഫുട്ബോൾകളിയോട് താത്പര്യമുള്ളവരായിരുന്നു. വലിയ താരങ്ങളൊക്കെ അടുത്തുള്ള സ്റ്റേഡിയത്തിലോ മറ്റോ പ്രാക്ടീസിന് വന്നാൽ ബോളെടുത്ത് കൊടുക്കാനും മറ്റ് സഹായത്തിനുമൊക്കെ ഞങ്ങളുടെ ഗാങ് റെഡിയായി ആദ്യാവസാനം അവിടെയുണ്ടാകും”
“വളരെ കഷ്ടപ്പാടുകളും ദാരിദ്ര്യവും നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്. ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ ഇല്ലാത്ത കാലം.സ്കൂളിൽ കൊണ്ടുപോയി കഴിക്കാനുള്ള ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ല.തൃശ്ശൂരിലെ സി.എം.എസ്. സ്കൂളിലാണ് ഞാൻ പഠിച്ചത്. ഏറ്റവും കൂടുതൽ കാലം എന്നെ പഠിപ്പിച്ച പ്രഭാവതിടീച്ചറുടെ മുഖം ഒരിക്കലും മറക്കാൻ പറ്റില്ല. ഉച്ചഭക്ഷണം ടീച്ചറുടെ വീട്ടിൽനിന്ന് കൊണ്ടുതരുമായിരുന്നു എന്നും. പറ്റാത്ത സാഹചര്യങ്ങളിൽ അടുത്തുള്ള ഹോട്ടലിൽ ഏല്പിക്കും.അധ്യാപിക എന്നതിനേക്കാൾ ഒരു അമ്മയെപ്പോലെയായിരുന്നു ടീച്ചർ.
ആദ്യകാലത്ത് കളിക്കാൻ ഫുട്ബോളോ ബൂട്ടോ ഒന്നും ഉണ്ടായിരുന്നില്ല.പോലീസിന്റെ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ അവിടുത്തെ സാറാണ് ആദ്യമായി ബൂട്ട് വാങ്ങിത്തന്നത്.ആഹാരം തൊട്ടടുത്ത ഹോട്ടലിൽ ഏർപ്പാടാക്കിയും തന്നു.കോച്ച് ടി കെ ചാത്തുണ്ണി സാറായിരുന്നു എന്നെ പോലീസ് ടീമിൽ ചേർക്കുന്നത്.കായികവിഭാഗത്തിന്റെ ചുമതലയുള്ള അന്നത്തെ ഐജി ജോസഫ് സാർ എനിക്ക് വളരെ പിന്തുണയും നൽകി.അല്ലായിരുന്നെങ്കിൽ ഐഎം വിജയൻ എന്ന ഫുട്ബോളറർ ഒരിക്കലും ഉണ്ടാകുകയില്ലായിരുന്നു.അന്നെനിക്ക് പതിനേഴ് വയസ്സായിരുന്നു പ്രായം.പിന്നെയും ഒരു വർഷം കഴിഞ്ഞ് പതിനെട്ടാം വയസ്സിലാണ് എന്നെ ഔദ്യോഗികമായി പോലീസിൽ എടുക്കുന്നത്.പക്ഷെ അപ്പോഴും ഞാൻ പോലീസ് ടീമിന് വേണ്ടി കളിക്കുന്നുണ്ടായിരുന്നു.സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി പോലും.ഇക്കാര്യത്തിൽ ഐജി ജോസഫ് സാറിന്റെ ഇടപെടലുകൾ ഒരിക്കലും മറക്കാൻ കഴിയില്ല.”

ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സോഡ വിറ്റ് നടന്ന് ഒടുവില്‍ ദേശീയ ടീമിന്റെ നായകനിലേക്ക് വളര്‍ന്ന ഇന്ത്യന്‍ ഇതിഹാസം ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാല്‍പ്പന്ത് ആസ്വാദകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ദേശീയ ടീമിനായി 79 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിജയന്‍ 39 ഗോളുകള്‍ സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്.

നിലവില്‍ കേരളാ പൊലീസില്‍ സിഐ റാങ്കിലുള്ള വിജയന്‍ തന്റെ കുട്ടിക്കാലത്ത് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ ശീതളപാനീയങ്ങള്‍ വിറ്റ് നടന്നതിനെക്കുറിച്ച് പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. 1982 ലെ സന്തോഷ് ട്രോഫി സമയത്ത് തൃശ്ശൂരിലെ സ്റ്റേഡിയത്തില്‍ പത്തുപൈസ കമ്മീഷന് വേണ്ടി സോഡ വിറ്റു നടന്ന വിജയന്‍ പിന്നീട് ദേശീയ ടീമിന്റെ നായകനും ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളിലെ ആരവവുമായി മാറുകയായിരുന്നു.

 

പതിനെട്ടാം വയസില്‍ കേരളാ പൊലീസില്‍ അംഗമായ വിജയന്‍ 1992 ലാണ് ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നത്. 1987- 2006 കാലയളവില്‍ കേരള പൊലീസ്, മോഹന്‍ബഗാന്‍, ജെസിടി, ചര്‍ച്ചില്‍ ബ്രദേഴ്സ്, എഫ് സി കൊച്ചിന്‍, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് .. തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം 250 ഗോളുകളും സ്വന്തം പേരിൽ കുറിച്ചിട്ടുമുണ്ട്.

 

സാഫ് കപ്പില്‍ 12ാം സെക്കന്റില്‍ ഗോളടിച്ച് ചരിത്രം തീര്‍ത്ത താരം ഇന്ത്യന്‍ ആരാധകരുടെ എന്നത്തേയും ആവേശമായിരുന്നു. 2003ലെ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാല് ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആവുകയും ചെയ്ത താരം പലതവണ ഇന്ത്യയുടെ മികച്ച കളിക്കാരനായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അര്‍ജുന അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയങ്ങളിലും കേരള പോലീസിന്റെ ഫെഡറേഷൻ കപ്പ് വിജയങ്ങളിലും എഫ്സി കൊച്ചിന്റെ ഡുറണ്ട് കപ്പ് വിജയങ്ങളിലുമൊക്കെ വിജയൻ നിർണ്ണായക പങ്കും വഹിച്ചിട്ടുണ്ട്.

2015 ഓക്‌ടോബറിൽ കേന്ദ്ര സ്പോർട്സ് കൗൺസിലിൽ അംഗമായ ഐഎം വിജയൻ നിലവിൽ മലപ്പുറത്തെ പോലീസ് ഫുട്‌ബോള്‍ അക്കാദമിയുടെ ഡയറക്ടർ കൂടിയാണ്.

Back to top button
error: