NEWS

മലയാളത്തിന്റെ വേണുനാദം നിലച്ചിട്ട് ഇന്ന് ഒരു മാസം

നെടുമുടി ഒരു സ്ഥലപ്പേര് മാത്രമായിരുന്നില്ല. അഭിനയ കലയുടെ കൊടുമുടി കീഴടക്കിയ ഒരു ബഹുമുഖ പ്രതിഭയുടെ പേരുകൂടിയാണത്. കള്ളും കപ്പയും കരിമീനും നിത്യജീവിതത്തിന്റെ ഭാഗമാണെങ്കിലും കള്ളവും കാപട്യവും തീണ്ടാത്ത ജനങ്ങൾ പാർക്കുന്ന ഒരു കുട്ടനാടൻ ഗ്രാമം

നെടുമുടി വേണു എന്ന മലയാള സിനിമയിലെ വേണുനാദം നിലച്ചിട്ട് ഇന്ന് ഒരു മാസം പൂർത്തിയായി. കഴിഞ്ഞ മാസം പതിനൊന്നിനാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
അഭിനയമികവു കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്ത പ്രിയപ്പെട്ട നടനായ നെടുമുടി വേണു തന്റെ എഴുപത്തി മൂന്നാമത്തെ വയസ്സിൽ 2021 ഒക്ടോബർ 11 ന് തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞു.

നെടുമുടി എന്നതൊരു സ്ഥലപ്പേര് മാത്രമായിരുന്നില്ല. അഭിനയ കലയുടെ കൊടുമുടി കീഴടക്കിയ ഒരഭിനേതാവിന്റെ പേരുകൂടിയായിരുന്നു. കള്ളും കപ്പയും കരിമീനും നിത്യ ജീവിതത്തിന്റെ ഭാഗമാണെങ്കിലും കള്ളവും കാപട്യവും ഒട്ടുമില്ലാത്ത ജനങ്ങൾ പാർക്കുന്ന കുട്ടനാട്ടിലെ ഒരു സ്ഥലം.
ഇവിടെ അടുത്തുള്ള കാവാലം എന്ന സ്ഥലവും മലയാളികൾ ഒരിക്കലും മറക്കാനിടയില്ല. തോടും കായലും തുരുത്തും നിറഞ്ഞ കുട്ടനാടൻ ജീവിതപരിസരങ്ങളിൽ നിന്ന് സിനിമയുടെയും സാഹിത്യത്തിന്റെയും കൊടുമുടി നീന്തിക്കയറിയവർ നെടുമുടിയേയും കാവാലത്തേയും പോലെ ഇനിയും ഒരുപാടുണ്ട്, തകഴിയെപ്പോലെ…

ഇതിൽ ബഹുമുഖപ്രതിഭ നെടുമുടി വേണു തന്നെയാണ്. സാംസ്‌കാരിപ്രവർത്തകൻ, പത്രപ്രവർത്തകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, മികച്ചൊരു കവിതാലാപനക്കാരൻ, മൃദംഗ വിദ്വാൻ തുടങ്ങി നെടുമുടി കൈവെക്കാത്ത മേഖലകൾ വിരളം. നല്ലൊരു ഗായകനും കൂടിയാണ് അദ്ദേഹം. 1987ൽ പുറത്തിറങ്ങിയ ‘സർവ്വകലാശാല’ എന്ന സിനിമയിൽ പാട്ടുപാടിക്കൊണ്ട് തന്നെ നെടുമുടി വേണു പ്രത്യക്ഷപ്പെടുന്നുണ്ട്.

“അതിരുകാക്കും മലയൊന്നുതുടുത്തേ .തുടുത്തേ തകതകതാ ….”
കാവാലം നാരായണപ്പണിക്കരുടെ വരികളും നെടുമുടിയുടെ താളബോധവും രണ്ടും കൂടിച്ചേർന്നപ്പോൾ അത് ഹിറ്റായി. കാലഘട്ടത്തിന്റെ കവിതയായി മാറി എന്നതാണ് സത്യം.

“ആലായാൽ തറ വേണം
അടുത്തൊരമ്പലം വേണം ”
എന്ന് പലവേദികളിലും നെടുമുടി പാടിയിട്ടുണ്ട്.

‘തുരക്കണം തകർക്കണം ഈ മഹാമാരിയെ, കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം’

കോവിഡ്19 നെതിരെ അതിജീവനത്തിൻ്റെ പ്രതീക്ഷകൾ പങ്കുവെച്ചുകൊണ്ട് ജനങ്ങളിൽ കരുതലും ജാഗ്രതയും വർദ്ധിപ്പിക്കാൻ തോളിൽ എടക്കയും തൂക്കി ഗാനാർച്ചനയുമായി മുന്നിട്ടിറങ്ങി നെടുമുടി വേണു.

വേണുഗോപാൽ എന്ന നെടുമുടിവേണു ജനിച്ചതും വളർന്നതുമെല്ലാം ആലപ്പുഴ ജില്ലയിലെ നെടുമുടി എന്ന കൊച്ചു കുട്ടനാടൻ ഗ്രാമത്തിലാണ്. മറ്റെല്ലാ കുട്ടനാട്ടുകാരെയും പോലെ ഗ്രാമത്തിന്റെ നിഷ്കളങ്കതയും വിശുദ്ധിയും നർമ്മവും അപരിചതരോടുപോലുമുള്ള സൗഹൃദവും അവസാനം വരെ നെടുമുടി വേണുവും കാത്തു സൂക്ഷിച്ചു. നെടുമുടി എന്ന പേര് ഒരിക്കലും മറക്കാനാവാത്തവിധം അഭ്രപാളികളിൽ കൊത്തിവച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.

Back to top button
error: