IndiaNEWS

ഐഷ സുല്‍ത്താനയെ രാജ്യദ്രോഹകുറ്റത്തിന് അകത്താക്കാനൊരുങ്ങി ബി.ജെ.പി

ചലച്ചിത്ര സംവിധായിക അയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്. ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കവരത്തി പൊലീസാണ് കേസെടുത്തത്. ടെലിവിഷൻ ചർച്ചക്കിടെ ‘ബയോ വെപ്പണ്‍’ എന്ന വിവാദ പരാമർശം നടത്തി എന്നാരോപിച്ചാണ് കേസ്.

തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാൻ ബി.ജെ.പിക്കാര്‍ നേരത്തെ മുതൽ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു എന്ന ആരോപണവുമായി ഐഷ സുല്‍ത്താനയും രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച്ച മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോവെപ്പന്‍’ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഐഷ പറഞ്ഞു.

“ഒരു വര്‍ഷത്തോളമായി കൊവിഡ് എത്തി നോക്കാത്ത ലക്ഷദ്വീപില്‍ ഈ പ്രഫൂല്‍ പട്ടേലിൽ നിന്നോ അദ്ദേഹത്തിൻ്റെ കൂടെ വന്നവരില്‍ നിന്നോ ആണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്. ഹോസ്പിറ്റല്‍ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്ടര്‍ പ്രഫൂല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂല്‍ പട്ടേലിനെ ഞാന്‍ ‘ബയോവെപ്പന്‍’ ആയി കമ്പൈര്‍ ചെയ്തു. അല്ലാതെ രാജ്യത്തെയോ ഗവണ്‍മെൻ്റിനെയോ അല്ലാ…”ഐഷ പറയുന്നു.

‘ബയോ വെപ്പണ്‍’ പ്രയോഗത്തില്‍ ഐഷ സുല്‍ത്താനക്കെതിരെ സംഘപരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണം ഗൂഢാലോചനയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളും എ.പി അബ്ദുള്ളക്കുട്ടിയും നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.അള്ളാഹു നല്‍കിയ അവസരമാണിതെന്നും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നുമാണ് ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കള്‍ അബ്ദുള്ളക്കുട്ടിയോട് പറഞ്ഞത്. ഇതിന് അനുകൂലമായ മറുപടിയാണ് അബ്ദുള്ളക്കുട്ടി നല്‍കുന്നത്.

ദ്വീപിലെ നേതാക്കളോട് പ്രതിഷേധങ്ങള്‍ക്ക് ദിവസവും സമയം നിശ്ചയിക്കൂ. കൂടുതല്‍ വീഡിയോകള്‍ ലഭിച്ചാല്‍ അയക്കണമെന്നുമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. എന്തായാലും ‘ബയോ വെപ്പണ്‍’ പ്രയോഗത്തിൻ്റെ പേരിൽ സംവിധായിക ഐഷ സുല്‍ത്താനയെ രാജ്യദ്രോഹകുറ്റം ചുമത്തി അകത്താക്കാനുള്ള നീക്കങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker