KeralaNEWS

മാര്‍ട്ടിനെ പിടികൂടാന്‍ വളരെ ബുദ്ധിമുട്ടി; നാട്ടുകാരുടെ സഹായം വലുത്‌

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടാന്‍ വളരെ ബുദ്ധിമുട്ടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചക്കിലം ഐപിഎസ്. നാട്ടുകാരുടെ വലിയ സഹായത്തോടെ ഏറെ ശ്രമകരമായാണ് മാര്‍ട്ടിനെ പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു.

കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ സിറ്റി നിഴല്‍ പൊലീസ് സംഘവും രംഗത്തിറങ്ങിയതോടെ വ്യാഴാഴ്ച വൈകിട്ട് 6ന് ചേമഞ്ചിറയില്‍ മാര്‍ട്ടിനെ കണ്ടെത്തി. മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ അനന്ത് ലാലിന്റെ നേതൃത്വത്തില്‍ പൊലീസ് ഇവിടം വളഞ്ഞെങ്കിലും സമീപത്തെ പാടത്തിനു നടുവിലൂടെ മാര്‍ട്ടിന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓരോ പൊലീസുകാരന്റെയും കീഴില്‍ 4 നാട്ടുകാര്‍ വീതമുള്ള ‘നാടന്‍ ടാസ്‌ക് ഫോഴ്‌സ്’ നിരന്നു. 2 ഡ്രോണുകള്‍ പൊലീസിനു വഴികാട്ടിയായി ആകാശത്തു പറന്നു.

ചെളിയും കാടും അരയ്‌ക്കൊപ്പം വെള്ളമുള്ള തോടുമൊക്കെ പൊലീസും നാട്ടുകാരും നീന്തിക്കയറി തിരഞ്ഞതോടെ മാര്‍ട്ടിന്‍ സമീപത്തെ അയ്യംകുന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കു സമീപത്തെ വീടിനു പിന്നിലൊളിച്ചു. പൊലീസ് സംഘങ്ങള്‍ ഇവിടേക്ക് എത്തിയപ്പോള്‍ മാര്‍ട്ടിന്‍ വീണ്ടുമോടി. 75 മീറ്റര്‍ പിന്നിലായി പൊലീസും. ഒരു ഫ്‌ലാറ്റിനു മുകളില്‍ കയറിയ മാര്‍ട്ടിന്‍ പൊലീസ് വളഞ്ഞതോടെ ചെറുത്തുനില്‍പ്പിനു ശ്രമിക്കാതെ കീഴടങ്ങുകയായിരുന്നു.

അതേസമയം, രണ്ടു കാറുകളും രണ്ടു ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ധനീഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. മാര്‍ട്ടിന്‍ ജോസഫിന്റെ വരുമാനമാര്‍ഗം അന്വേഷിക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker