KeralaNEWS

കെ.എം. ഷാജി വിജിലന്‍സിന് മുമ്പാകെ വീണ്ടും ഹാജരായി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എ വിജിലന്‍സിന് മുമ്പാകെ വീണ്ടും ഹാജരായി. രാവിലെ കോഴിക്കോട് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസിലാണ് ഹാജരായത്. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കും.

ഏപ്രില്‍ 16ന് വിജിലന്‍സ് സ്പെഷല്‍ സെല്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ കുറച്ച് രേഖകള്‍ അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നെങ്കിലും കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ എസ്.പി എസ്. ശശിധരന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.

പരിശോധനക്കിടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ച 47,35,500 രൂപയുടെയും അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടി രൂപയുടെയും സ്രോതസ്സുകളാണ് വിജിലന്‍സ് പ്രധാനമായും ആവശ്യപ്പെട്ടത്. പിടികൂടിയ പണം സംബന്ധിച്ച ചോദ്യത്തിന് അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ താന്‍ തെരഞ്ഞെടുപ്പിന് പിരിച്ച തുകയാണിതെന്നായിരുന്നു ഷാജിയുടെ വാദം.

അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഷാജിയുടെ മാലൂര്‍കുന്നിലെ വീടിന്റെ വിവരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. 3000 ചതുരശ്ര അടിയില്‍ താഴെ പ്ലാന്‍ സമര്‍പ്പിച്ച് 5420 ചതുരശ്ര അടി വലുപ്പത്തില്‍ വീട് നിര്‍മിച്ചെന്നും വീടിന് 1.62 കോടി വിലമതിക്കുമെന്നുമായിരുന്നു കണ്ടെത്തല്‍ ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തത വരുത്തി ആസ്തികളില്‍ കൃത്യതയുണ്ടാക്കുന്നതിനാണ് വിജിലന്‍സ് ശ്രമം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker