KeralaNEWS

‘മൊഴി’ എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരംതാഴരുത്: സ്പീക്കര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി വന്ന സാഹചര്യത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. മൊഴി എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്പീക്കര്‍ തന്നെ ദുരുദ്ദേശ്യത്തോടെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തിയെന്നടക്കമുള്ള സ്വപ്‌നയുടെ മൊഴിയാണ് പുറത്തായത്. ഇ.ഡി.കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്.

സ്പീക്കറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

“മൊഴി” എന്ന രൂപത്തിൽ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനിൽക്കുന്ന രാജ്യത്തിന് ഭൂഷണമല്ല.
കള്ളക്കടത്തു കേസുകൾ സ്വന്തം പാർട്ടിയിൽ ചെന്ന് മുട്ടി നിൽക്കുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ സർക്കാരിനും , ബഹു മുഖ്യമന്ത്രിക്കും , സ്‌പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ “മൊഴികൾ” ഉണ്ടാക്കി വ്യക്തി ഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല . അതിനെ എല്ലതരത്തിലും നെരിടും.
തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണ ഏജൻസികൾ കൊടുത്തതണെന്ന മട്ടിൽ വ്യാജ പ്രചാരണങ്ങൾ പടച്ചു വിടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവർത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയും.
സമൂഹത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ ലൈഫ്, കിഫ്‌ബി പദ്ധതികളെ ആക്രമിക്കുന്നതിൽ ഇത്തരം ഏജൻസികളും പ്രതിപക്ഷവും രാപകൽ പണിയെടുക്കുന്നത് തിരഞ്ഞെടുപ്പ് എന്ന ഒറ്റ അജണ്ട വച്ചുകൊണ്ടാണ്. നാട് അനുഭവിച്ച തീക്ഷണമായ പ്രതിസന്ധികളിൽ ജനങ്ങൾക്ക്‌ താങ്ങും തണലും സുരക്ഷയുമൊരുക്കി അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായ സർക്കാരിനും ജനപ്രതിനിധികൾക്കും ജനങ്ങൾ നൽകുന്ന പിന്തുണ ഇത്തരം കുത്സിത ശ്രമങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ കഴിയും എന്ന് ആരും വ്യാമോഹിക്കേണ്ട.
ഒരു മാർഗ്ഗത്തിലും കേരളത്തിൽ പ്രതിപക്ഷത്തിന് അംഗീകാരം ഇല്ലാതിരിക്കെ ,തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നുണകളുടെ പെരുമഴ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല .
അതിനെയൊക്കെ അതിജീവിച്ചാണ് ഇത്രയും കാലം ഈ പ്രസ്ഥാനം നിലനിന്നത് .അത്തരം ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞ യോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker