പുതുവര്‍ഷ പുലരിയില്‍ വാക്‌സിനെത്തുമോ.? തീരുമാനം ഇന്നറിയാം

ലോകത്തെ പിടിച്ചുലച്ച കോവിഡ് നമുക്ക് സമ്മാനിച്ച വര്‍ഷമായിരുന്നു 2020. സാമൂഹിക അകലങ്ങളുടേയും മാനസിക വ്യഥകളുടേയും നാളുകള്‍ക്ക് വിരാമമിടാന്‍ 2021 ല്‍ കഴിയട്ടെയെന്നാണ് എല്ലാവരും ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുന്നത്.

കോവിഡ് വാക്‌സിന്റെ വിതരണം പല രാജ്യങ്ങളിലും ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തിലും ഇന്ത്യയില്‍ എപ്പോള്‍ മുതല്‍ കോവിഡ് ഉപയോഗിച്ച് തുടങ്ങുമെന്ന കാര്യത്തിലെ അന്തിമ തീരുമാനം ഇന്നറിയാം. കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി നല്‍കണോ എന്ന കാര്യം തീരുമാനിക്കാനുള്ള യോഗം വിദഗ്ധ സമിതി ഇന്ന് ചേരും. ഉച്ചയ്ക്ക് 12 മണിക്കാണ് നിര്‍ണായക യോഗം ചേരുന്നത്

ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ കമ്പിനികള്‍ നിര്‍മ്മിച്ച കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടാണ് സമിതി ഇന്ന് തീരുമാനം എടുക്കുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വാക്‌സിന്‍ സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സമിതി ചോദിച്ചിരുന്നു. വിദഗ്ധ സമിതി അംഗീകരിച്ചാല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അന്തിമ അനുമതി നല്‍കണം. പുതുവര്‍ഷത്തില്‍ സന്തോഷകരമായ വാര്‍ത്തയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ.വി.ജി.സൊമാനി പറഞ്ഞു

Exit mobile version