ഇന്നു മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യും

Thursday, January 12, 2017 - 10:25 AM

Author

Tuesday, April 5, 2016 - 15:25
ഇന്നു മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യും

Category

News Kerala

Tags

കൊച്ചി: സിനിമകള്‍ ഇന്നുമുതല്‍ റീലീസ് ചെയ്യും. എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സഹകരിച്ചില്ലെങ്കിലും പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന മുന്‍ തീരുമാനം ആവര്‍ത്തിച്ചു നിര്‍മാതാക്കളും വിതരണക്കാരും. തങ്ങളുടെ കീഴിലുള്ള തിയറ്ററുകള്‍ ഇന്നു മുതല്‍ അടച്ചിടുമെന്ന ഫെഡറേഷന്റെ പ്രഖ്യാപനം കൂസാതെ മുന്നോട്ടു പോകാനാണു വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചിരിക്കുന്നത്. വിജയ് നായകനായ തമിഴ് ചിത്രം ഭൈരവ ഇന്ന് ഇരുനൂറിലേറെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. ബി, സി ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെയും സര്‍ക്കാരിന്റെയും തിയറ്ററുകളിലും മള്‍ട്ടിപ്ലെക്‌സുകളിലും ചിത്രമെത്തും.

ഫെഡറേഷന്റെ സമര തീരുമാനത്തോടു യോജിപ്പില്ലാത്ത ഒരു വിഭാഗം അംഗങ്ങളുടെ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണു സൂചന. 19 മുതല്‍ മലയാള ചിത്രങ്ങളും റിലീസ് ചെയ്തു തുടങ്ങും.
തങ്ങളുമായി സഹകരിക്കുന്ന തിയറ്ററുകള്‍ക്കു ഭാവിയില്‍ പ്രത്യേക പരിഗണന നല്‍കാനാണു വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും തീരുമാനം. വിതരണക്കാരും നിര്‍മാതാക്കളും ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയാകും ഏതൊക്കെ തിയറ്ററുകള്‍ക്കു റിലീസ് നല്‍കണമെന്നു തീരുമാനിക്കുക.

തിയറ്ററുകള്‍ അടച്ചിടുമെന്നു പ്രഖ്യാപിച്ച എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭൈരവയുടെ റിലീസ് ലഭിക്കാനായി ചിത്രത്തിന്റെ നിര്‍മാതാവിനും വിതരണക്കാരനും സമ്മര്‍ദം ചെലുത്തിയെന്നു ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ജനറല്‍ സെക്രട്ടറി എം.എം. ഹംസ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എം. രഞ്ജിത് എന്നിവര്‍ ആരോപിച്ചു.
തിയറ്റര്‍ വിഹിതത്തില്‍ മാറ്റം കൂടാതെ തന്നെ ഭൈരവ പ്രദര്‍ശിപ്പിക്കാമെന്നാണു ഫെഡറേഷന്‍ വാഗ്ദാനം ചെയ്തത്. അവര്‍ക്കു വേണ്ടതു മലയാള ചിത്രങ്ങളല്ല, മറ്റു ഭാഷാ ചിത്രങ്ങളാണ്. എ ക്ലാസ്, ബി ക്ലാസ് എന്നൊക്കെ തിയറ്ററുകളെ വിശേഷിപ്പിക്കുന്നതില്‍ കാര്യമില്ല. ഫെഡറേഷന്റെ എ ക്ലാസ് എന്നു പറയുന്ന തിയറ്ററുകളേക്കാള്‍ മികച്ചവ ഗ്രാമീണ മേഖലകളിലുണ്ട്. റിലീസ് ചെയ്യുന്ന എല്ലാ തിയറ്ററുകളും എ ക്ലാസാണ്. വിഷു ചിത്രങ്ങള്‍ മുടങ്ങില്ല. അതിന് അനുസരിച്ചു റിലീസ് ക്രമീകരിക്കും.
മുടങ്ങിയ ക്രിസ്മസ് ചിത്രങ്ങള്‍ ഏതൊക്കെ ആഴ്ച റിലീസ് ചെയ്യണമെന്ന് ഉടന്‍ തീരുമാനിക്കും. ഫെഡറേഷനു കീഴിലെ ചില തിയറ്ററുകള്‍ പുലിമുരുകന്റെ പതിവു പ്രദര്‍ശനങ്ങള്‍ക്കു പുറമേ അനധികൃതമായി അധിക ഷോകള്‍ നടത്തിയെന്നും അവര്‍ ആരോപിച്ചു.

FEATURED POSTS FROM NEWS