KeralaNEWS

ആശുപത്രിക്ക് എതിരെ നിരന്തരം പരാതികൾ വന്നിരുന്നു; തിരുവല്ല ആശുപത്രിയിലെ നടപടിയിൽ മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രിയിലെ നടപടിയിൽ കെ.ജി.എം.ഒ. എയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടർമാരുടെത് സ്വാഭാവിക പ്രതികരണമാണ്. ആശുപത്രിക്ക് എതിരെ നിരന്തരം പരാതികൾ വന്നിരുന്നു. മാത്യു ടി തോമസ് തിരുവല്ല താലൂക്ക് ആശുപത്രിയ്ക്കെതിരെ പരാതി പറഞ്ഞിരുന്നു എന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.

ഡോക്ടർമാർ സ്വന്തം ചെലവിൽ മരുന്ന് വാങ്ങണമെന്ന നിര്‍ദ്ദേശം താന്‍ നല്‍കിയിട്ടില്ല. ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തുന്നുണ്ട്. അത് അറിഞ്ഞ ശേഷമാണ് അങ്ങോട്ട് പോയത്. രോഗിയെ ചികിത്സിക്കണമെങ്കിൽ വീട്ടിൽ വന്നു കാണണമെന്ന് തിരുവല്ലയിലെ ഒരു ഡോക്ടർ പറഞ്ഞു എന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ സന്ദർശന ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു. ആശുപത്രി സൂപ്രണ്ടാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ച ആരോഗ്യ മന്ത്രി ആശുപത്രിയിൽ എത്തിയപ്പോൾ രണ്ട് ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഡ്യൂട്ടി രജിസ്റ്ററിൽ ഒപ്പിട്ടിരുന്ന 8 ഡോക്ടർമാർ അന്ന് ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഈ ഡോക്ടർമാരോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാൽ ആശുപത്രി സംബന്ധമായ മറ്റ് ആവശ്യങ്ങൾക്കും കോടതി ഡ്യൂട്ടിയിലും കൗൺസിലിങ്ങിനും പോയതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. സൂപ്രണ്ടിന് ഇക്കാര്യം അറിയാമായിരുന്നെന്നും വ്യക്തമായ തെളിവുകൾ ഉണ്ടെന്നും കെജിഎംഒഎനേതാക്കൾ പറഞ്ഞു. താലൂക് ആശുപത്രിയിൽ ഇന്ന് കെജിഎംഒഎ കരിദിനം അചരിച്ചു.

സര്‍ക്കാര്‍ ആശുപത്രിയിലെ മരുന്ന് ക്ഷാമത്തിന് ഡോക്ടര്‍മാരെ കുറ്റക്കാരാക്കുന്നതിനെതിരെ ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കെജിഎംഒഎ രംഗത്തെത്തിയിരുന്നു. വസ്തുതകൾ മറച്ച് വച്ച് ആരോഗ്യ മന്ത്രി ഡോക്ടര്‍മാരെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിൽ കെജിഎംഒഎ പ്രതിഷേധ കുറിപ്പ് ഇറക്കി. സര്‍ക്കാര്‍ ആശുപത്രികളിൽ ഉടനീളം ഗുരുതരമായ മരുന്ന് ക്ഷാമവും അനുബന്ധ പ്രശ്നങ്ങളും കെജിഎംഒഎ പലതവണ മന്ത്രിയെ തന്നെ നേരിട്ട് അറിയിച്ചിരുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങൾ വഴി ആവശ്യത്തിന് മരുന്ന് ലഭ്യമാക്കാതെ സ്ഥാപനമേധാവികളുടെ ഉത്തരവാദിത്തമാക്കുന്നത് അംഗീകരിക്കാനാകില്ല, മരുന്ന് ക്ഷാമത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മേൽ അടിച്ചേൽപ്പിച്ച് കൈകഴുകാനുള്ള ആരോഗ്യമന്ത്രിയുടെ ശ്രമം അങ്ങേ അറ്റം പ്രതിഷേധാര്‍ഹമാണ്. തിരുവല്ല ആശുപത്രി സന്ദര്‍ശനത്തിനിടെ പൊതുജനങ്ങൾക്ക് മുന്നിൽ വച്ച് ആശുപത്രി സൂപ്രണ്ടിനെ അധിക്ഷേപിക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഇത് തെറ്റായ സന്ദേശം നൽകുമെന്നും കെജിഎംഒഎ ഇന്നലെ വാര്‍ത്താക്കുറിപ്പില്‍ പറ‌ഞ്ഞിരുന്നു.

Back to top button
error: