KeralaLIFENEWSReligion

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: ജ്യോതി പ്രയാണ ഘോഷയാത്ര നാളെ പന്മനയിൽനിന്നു തുടങ്ങും

പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജ്യോതി പ്രയാണ ഘോഷയാത്ര നാളെ ചട്ടമ്പി സ്വാമിയുടെ സമാധി സ്ഥലമായ കൊല്ലം പന്മന ആശ്രമത്തില്‍നിന്നും ആരംഭിക്കും. ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന 111-ാമത് ഹിന്ദുമത പരിഷത്ത് നഗറായ ശ്രീവിദ്യാധിരാജാ നഗറിലെ പരിഷത്ത് പന്തലിലെ കൊടാവിളക്കില്‍ തെളിയിക്കാനുളള ദീപവുമായാണ് ജ്യോതി പ്രയാണം.

വ്യാഴാഴ്ച രാവിലെ പന്മന ആശ്രമത്തിലെ ശ്രീ ബാലഭട്ടാരകേശ്വരം ക്ഷേത്ര സന്നിധിയിലെ കെടാവിളക്കില്‍നിന്നും ആശ്രമ മഠാധിപതിസ്വാമി പ്രണവാനന്ദ തീര്‍ഥപാദര്‍ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ക്ക് ദീപം പകര്‍ന്ന് നല്‍കുന്നതോടെ ജ്യോതി പ്രയാണത്തിന് തുടക്കമാകും.

വെള്ളിയാഴ്ച രാവിലെ ആശ്രമത്തില്‍നിന്നു പുറപ്പെട്ട് വിവിധ ക്ഷേത്രങ്ങളിലേയും ഹൈന്ദവ സംഘടനകളുടേയും സ്വീകരണങള്‍ ഏറ്റുവാങ്ങി വൈകിട്ട് ഏഴിന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദാശ്രമത്തില്‍ ഘോഷയാത്ര ആദ്യ ദിവസം സമാപിക്കും. ശനിയാഴ്ച രാവിലെ 6.30 ന് കിടങന്നൂര്‍ ആശ്രമത്തിലെ സ്വീകരണത്തോടെ ആരംഭിക്കുന്ന ഘോഷയാത്ര രാത്രി എട്ടിന് നെടുംപ്രയാര്‍ ദേവീ ക്ഷേത്രത്തില്‍ വിശ്രമിക്കും. നെടുംപ്രയാര്‍

ക്ഷേത്രത്തില്‍നിന്നും ഞായറാഴ്ച രാവിലെ 6.25 ന് പുറപ്പെടുന്ന ഘോഷയാത്ര 10.45 ന് ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ എത്തിച്ചേരും. ഈ സമയം എഴുമറ്റൂര്‍ ശ്രീപരമഭട്ടാരക ആശ്രമത്തില്‍ നിന്നുളള ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ നിന്നുളള പതാക ഘോഷയാത്രയും ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ എത്തിച്ചേരും. മൂന്ന് ഘോഷയാത്രകളേയും ഹിന്ദുമത പരിഷത്ത് ഭാരവാഹികള്‍ ആചാരപൂര്‍വ്വം സ്വീകരിച്ച് കണ്‍വന്‍ഷന്‍നഗറിലേക്ക് ആനയിച്ച് പതാക ഉയര്‍ത്തി കെടാവിളക്കിലേക്ക് ജ്യോതി പകര്‍ന്ന് ചട്ടമ്പി സ്വാമിയുടെ ഛായ ചിത്രം വേദിയില്‍ സ്ഥാപിക്കുന്നതോടെ ഈ വര്‍ഷത്തെ ആധ്യാത്മിക പരിഷത്തിന് തുടക്കമാകും.

Back to top button
error: