IndiaNEWS

ട്രെയിനി കെഡറ്റിന്റെ ആത്മഹത്യ: വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലപാതകക്കുറ്റം

ബംഗളൂരു: ജാലഹള്ളിയിലെ വ്യോമസേന ടെക്നിക്കല്‍ കോളജിലെ (എ.എഫ്.ടി.സി) ട്രെയിനി കെഡറ്റിനെ ക്യാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. ബിഹാര്‍ സ്വദേശിയായ അങ്കിത്കുമാര്‍ ഝായെ (27) ശനിയാഴ്ചയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അങ്കിതിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

മരണത്തിനു മുന്‍പ് അങ്കിത് എഴുതിയ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന ആറു വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെയാണു കൊലപാതക കുറ്റം ചുമത്തി കര്‍ണാടക പോലീസ് കേസെടുത്തത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുക്കുന്നതിനു മുന്‍പുതന്നെ അങ്കിതിന്റെ കുടുംബം നല്‍കിയ പരാതിയിലും ഈ ആറ് പേരുടെ പേര് പരാമര്‍ശിച്ചിരുന്നു. എയര്‍ കമ്മഡോര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍, വിങ് കമാന്‍ഡര്‍ റാങ്കുകളിലുള്ളവരാണ് പ്രതികള്‍.

കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതായും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

”അങ്കിത് കുമാറിനെതിരേ അച്ചടക്ക നടപടിയുടെ പേരില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ എ.എഫ്.ടി.സിയില്‍ നിന്ന് പുറത്താക്കി ഉത്തരവിറങ്ങി” പോലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ മാനസികമായി തന്നെ പീഡിപ്പിച്ചിരുന്നതായും ചില രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്നതായും കഴിഞ്ഞ ബുധനാഴ്ച സഹോദരന് അങ്കിത് സന്ദേശമയച്ചിരുന്നു.

 

 

 

Back to top button
error: