നവജാതശിശുവിനെ കൊന്ന സംഭവം: കരച്ചില്‍ അലോസരം ഉണ്ടാക്കിയതോടെ കുട്ടിയെ കിണറ്റില്‍ എറിയുകയായിരുന്നെന്നു പോലീസ്; യുവതി പ്രസവാനന്തര മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചിരുന്നതായും വിവരം

ഹരിപ്പാട്: മണ്ണാറശാലയില്‍ 46 ദിവസം പ്രായമുള്ള കുട്ടി മരിച്ചത് അമ്മ കിണറ്റില്‍ എറിഞ്ഞതു മൂലമെന്ന് പോലീസ്. കുട്ടിയുടെ അമ്മയായ യുവതി പ്രസവത്തിനു ശേഷം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. ഇടയ്ക്ക് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ യുവതിക്ക് അലോസരമുളവാക്കിയെന്നും തുടര്‍ന്ന് കുട്ടിയെ കിണറ്റില്‍ എറിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് യുവതി കുട്ടിയെ കിണറ്റിലെറിഞ്ഞത്. സംഭവസമയം യുവതിയുടെ അമ്മയും സഹോദരനും ക്ഷേത്രദര്‍ശനത്തിനു പോയിരിക്കുകയായിരുന്നു. അച്ഛന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇദ്ദേഹം ഉറങ്ങുന്ന സമയത്താണ് സംഭവം നടന്നത്. ഉണര്‍ന്നപ്പോള്‍ കുട്ടിയെ കാണാഞ്ഞ് അച്ഛന്‍ ഭാര്യയെയും മകനെയും വിളിച്ചുവരുത്തി.

പിന്നീടു നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ വീടിനു സമീപത്തെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

മുങ്ങിമരിച്ചതായുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിയെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version