രാജ്യസേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട സൈനികന് ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി ജന്മനാട്

മാവേലിക്കര: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച സൈനികന് ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടില്‍ അന്ത്യവിശ്രമം. ചെട്ടികുളങ്ങര ഈരേഴതെക്ക് താനുവേലില്‍ ബാബു-സരസ്വതി ദമ്പതികളുടെ മകന്‍ ബി. ബിജുവാണ് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു ബിജുവിന്റെ സംസ്‌കാരം.

വിമാനമാര്‍ഗം എത്തിച്ച മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ 9.15 ന് ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ജില്ലയില്‍ പ്രവേശിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ അതാത് മേഖലകളിലെ തഹസില്‍ദാര്‍മാര്‍ മൃതദേഹം വഹിച്ച വാഹനത്തെ അനുഗമിച്ചു.

ബിജു പഠിച്ച ചെട്ടികുളങ്ങര ഗവ. ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ അന്തിമോപചാരമര്‍പ്പിച്ചു. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം.ആരിഫ്, എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ, എ.ഡി.എം: എസ്. സന്തോഷ്‌കുമാര്‍, മാവേലിക്കര തഹസില്‍ദാര്‍ ഡി.സി. ദിലീപ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version