കാളി പരാമര്‍ശത്തെ അപലപിച്ചതില്‍ പ്രതിഷേധം; ട്വിറ്ററില്‍ സ്വന്തം പാര്‍ട്ടിയെ അണ്‍ഫോളോ ചെയ്ത് മഹുവ മോയിത്ര

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ അണ്‍ഫോളോ ചെയ്ത് പാര്‍ട്ടി എം.പി. മഹുവാ മോയിത്ര. കഴിഞ്ഞദിവസം, കാളീദേവിയെ കുറിച്ച് മഹുവ നടത്തിയ പരാമര്‍ശത്തെ പാര്‍ട്ടി നേതൃത്വം അപലപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത് അവര്‍ അവസാനിപ്പിച്ചിരിക്കുന്നത്. നിലവില്‍ മഹുവ പിന്തുടരുന്ന ഏക ട്വിറ്റര്‍ അക്കൗണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്സണും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടേത് മാത്രമാണ്.

കഴിഞ്ഞദിവസം ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ലീനാ മണിമേഖലയുടെ ചിത്രത്തിന്റെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്ന കാളീദേവിയുടെ ചിത്രം വിവാദമായ വിഷയത്തെ കുറിച്ച് മഹുവയോട് അഭിപ്രായം ആരാഞ്ഞിരുന്നു. കാളിയെന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം മാംസഭുക്കായ, മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്നായിരുന്നു മഹുവയുടെ പരാമര്‍ശം.

സിക്കിമില്‍ ചെന്നാല്‍, കാളീദേവിക്ക് വിസ്‌കി നേദിക്കുന്നത് കാണാം. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ചെന്ന് ദേവിക്ക് പ്രസാദമായി വിസ്‌കി നേദിക്കാറുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ അതിനെ ഈശ്വരനിന്ദയെന്ന് പറയും എന്നും മഹുവ പറഞ്ഞിരുന്നു.

മഹുവയുടെ ഈ പരാമര്‍ശത്തെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. മഹുവ നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും അതിനെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ഇത്തരം അഭിപ്രായപ്രകടനങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നെന്നും പാര്‍ട്ടി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version