NEWS

ഇന്ത്യയിൽ റോഡുകൾ തൂത്തുവാരാൻ റോൾസ് റോയ്‌സ് ഉപയോഗിച്ച രാജാവ് !!

രു ഇന്ത്യൻ രാജാവ് റോഡുകൾ വൃത്തിയാക്കുന്നതിനായി വാങ്ങിയതാണെന്ന അവകാശവാദവുമായി ഇരുവശങ്ങളിലും ചൂലുകൾ കെട്ടിവച്ചിരിക്കുന്ന റോൾസ് റോയ്‌സിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ നിങ്ങൾ കണ്ടു കാണും. 1906 ൽ സ്ഥാപിതമായ റോൾസ് റോയ്സ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര കാർ ബ്രാൻഡാണ്.
കഥ ഇപ്രകാരമാണ്: 1920-കളിൽ ഒരു ഇന്ത്യൻ രാജാവ് ലണ്ടൻ സന്ദർശിച്ചു. സാധാരണ വസ്ത്രങ്ങളിൽ തെരുവീഥികളിലൂടെ നടക്കുമ്പോൾ, അദ്ദേഹം ഒരു റോൾസ് റോയ്‌സ് ഷോറൂമിന്റെ സമീപം എത്തി. കാറുകളുടെ സവിശേഷതകളെക്കുറിച്ചും വിലയെക്കുറിച്ചും കൂടുതലറിയാൻ അദേഹം ഷോറൂമിനുള്ളിലേയ്ക്കു പ്രവേശിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഇന്ത്യൻ രൂപവും വസ്ത്രധാരണവും കണ്ട്, വിലകൂടിയ ഇംഗ്ലീഷ് കാർ വാങ്ങാൻ അയാൾക്ക് കഴിവില്ലെന്ന് അനുമാനിച്ച ബ്രിട്ടീഷ് സെയില്‍സ്‌മാന്‍ അദ്ദേഹത്തിന്റെ അഭ്യർത്ഥന അവഗണിക്കുകയും പുറത്തേയ്ക്കുള്ള വഴി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
അപമാനിതനായ രാജാവ് തന്റെ ഹോട്ടലിലേക്ക് മടങ്ങി. ഉടൻ തന്നെ റോൾസ് റോയ്‌സ് ഷോറൂമിൽ ഔദ്യോഗിക സന്ദർശനം നടത്താൻ  നിശ്ചയിക്കുകയും ചെയ്തു. ഷോറൂമിലെ ആറ് കാറുകളും റെഡി ക്യാഷ് നൽകി വാങ്ങി അദ്ദേഹം ഇന്ത്യയിലേക്ക് കയറ്റി അയച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ, റോഡിലെ മാലിന്യം വൃത്തിയാക്കുന്നതിനും ചപ്പു ചവറുകൾ കയറ്റിക്കൊണ്ടുപോകുന്നതിനും ഈ കാറുകൾ ഉപയോഗിക്കാൻ ന്യൂഡൽഹിയിലെ മുനിസിപ്പാലിറ്റിക്ക് അദ്ദേഹം ഉത്തരവിട്ടു.
റോൾസ് റോയ്‌സ് കമ്പനി തങ്ങളുടെ കാറുകളോടുള്ള രാജാവിന്റെ പെരുമാറ്റത്തിൽ നാണം കേടുകയും അസ്വസ്ഥരാകുകയും ചെയ്തു. തങ്ങളുടെ ജോലിക്കാരൻ മോശമായി പെരുമാറിയതിന് ക്ഷമാപണം നടത്തി അവർ രാജാവിന് ഒരു ടെലിഗ്രാം അയച്ചു. മാലിന്യം കൊണ്ടുപോകാൻ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് കാർ എക്സിക്യൂട്ടീവുകൾ അഭ്യർത്ഥിക്കുകയും കൂടാതെ ആറ് കാറുകൾ സമ്മാനമായി നൽകുകയും ചെയ്തു. കമ്പനിയെ ഒരു പാഠം പഠിച്ചതിൽ സംതൃപ്തനായ രാജാവ് ആ കാറുകളിൽ മുനിസിപ്പൽ മാലിന്യങ്ങൾ കൊണ്ടുപോകുന്നത് നിർത്തി.
നിരവധി ഇന്ത്യൻ രാജാക്കന്മാരുടെ പേരുകൾ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു! അൽവാർ മഹാരാജാവ് ജയ് സിംഗ് പ്രഭാകർ, ബഹവൽപൂർ നവാബ് സാദിഖ് മുഹമ്മദ് ഖാൻ അബ്ബാസി, പട്യാല മഹാരാജാവ് ഭൂപീന്ദർ സിംഗ്, ഹൈദരാബാദ് നിസാമായ മുഖരം ജാ, മിർ ഉസ്മാൻ അലി ഖാൻ എന്നിങ്ങനെ ആ പേരുകൾ നീളുന്നു. ഈ രാജാക്കന്മാരെല്ലാം തന്നെ ലണ്ടനിലെ റോൾസ് റോയ്‌സ് ഷോറൂമുകളിൽ അപമാനിക്കപ്പെട്ടതായും തങ്ങൾ വാങ്ങിയ കാറുകൾ മാലിന്യം ശേഖരിക്കാൻ വേണ്ടി ഉപയോഗിച്ചതായും തോന്നുന്നു.റോൾസ് റോയ്‌സ് അല്ല ഫോർഡാണെന്നും പറയുന്നു.
എന്നാൽ ഈ സംഭവത്തിന് യാതൊരു തെളിവുമില്ല.പക്ഷെ ജർമനിയിലെ യിലെ സ്റ്റഗാർട്ട് (Stuttgart) എന്ന സ്ഥലത്തുള്ള ബെൻസ് മൂസിയത്തിൽ, ഈ ഫോട്ടോയും പിന്നെ ഇന്ത്യക്കാർ കാറിന് ചുറ്റും നിന്ന് ചവർ വാരുന്ന ഫോട്ടോയും ഉണ്ട്.
‘വിൻറ്റിജ് ന്യൂസ്’ എന്ന വെബ്‌സൈറ്റിൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ടയർ കേടാകാതിരിക്കാൻ പാതകളിൽ നിന്ന് ആണി, ഗ്ലാസ് തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ നീക്കാൻ ഈ രീതി ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്.
ടയറുകൾ സംരക്ഷിക്കാൻ വിലകൂടിയ വാഹനങ്ങളുടെ മുൻവശത്ത് ചൂലുകൾ കെട്ടിയിരുന്നുവെന്ന് ‘കാർടോക്ക്’ റിപ്പോർട്ട് ചെയ്യുന്നു. അക്കാലത്ത് റോഡുകൾ അത്ര നല്ലതല്ലാത്തതിനാലും ചപ്പുചവറുകളും ഉരുളൻ കല്ലുകളും ടയറുകൾ എളുപ്പത്തിൽ നശിപ്പിക്കുമെന്നതിനാലും ഈ ചൂലുകൾ വഴിയിലെ കല്ലുകളും മറ്റും തൂത്തുവാരുകയും വാഹനങ്ങൾക്കായി റോഡുകൾ സുഗമമാക്കുകയും ചെയ്തിരുന്നു.
ചിത്രത്തിലുള്ളത് റോൾസ് റോയ്‌സ് അല്ലെന്നും 1930-ഓ 32-ഓ 34-ഓ മോഡലുകളിലുള്ള ഫോർഡ് ആണെന്നുമാണ് വാഹന വിദഗ്ധരുടെ അഭിപ്രായം.
‘അറബ് കലാപം 1936. കലാപകാരികൾ എറിയുന്ന മുളളാണികൾ തൂത്തുവാരാനായി ചൂൽ ബന്ധിച്ചിരിക്കുന്ന കാർ’ എന്ന പേരിൽ സമാനമായ ഒരു ചിത്രം നിങ്ങൾക്ക് വിക്കിപീഡിയയിൽ കാണാം.

Back to top button
error: