എല്ലാ അംഗങ്ങളും ദ്രൗപതി മുർമുവിന് വോട്ട് ചെയ്യണമെന്ന് നവീൻ പട്നായിക്; പിന്തുണ പ്രഖ്യാപിച്ച് ജെഡിയുവും

ദില്ലി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് പിന്തുണയേറുന്നു പിന്തുണയേറുന്നു. എല്ലാ അംഗങ്ങളും ദ്രൗപതി മുർമുവിന് വോട്ട് ചെയ്യണമെന്ന് നവീൻ പട്നായിക് പറഞ്ഞു. ജെഡിയുവും ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്താങ്ങിയ ജാർഖണ്ഡ് മുക്തി മോർച്ചയും മുർമുവിന് അനുകൂലമായി നിലപാട് മാറ്റിയേക്കും. അതേസമയം പിൻമാറില്ലെന്നറിയിച്ച പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിതെന്ന് വ്യക്തമാക്കി.

നിതീഷ് കുമാറിന്‍റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത നവീൻ പട്നായിക്, ഇക്കാര്യം തന്നോട് ചര്‍ച്ച ചെയ്തതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. ഉന്നത പദവിയിലേക്ക് പട്ടിക വർഗ്ഗത്തിൽ നിന്നൊരു വനിതയെ സ്ഥാനാർത്ഥിയാക്കതിൽ സന്തോഷമുണ്ടെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളെ ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്നതിനാൽ ജെഡിയു പിന്തുണ ബിജെപിക്ക് കിട്ടുമോ എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ജെഡിയുവിന്‍റെ പിന്തുണ ഉറപ്പായതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎ. പാർട്ടി ദേശീയ അധ്യക്ഷൻ ലാലൻ സിംഗും മുർമുവിന്‍റെ സ്ഥാനാർത്ഥിത്വത്തെ പുകഴ്ത്തി.

ജെഡിയുവിന് പുറമെ ചിരാഗ് പാസ്വാന്‍റെ ലോക് ജൻ ശക്തി പാർട്ടിയും മുർമ്മുവിനെ പിന്തുണയ്ക്കുമെന്നറിയിച്ചു. യുപിഎയുടെ ഘടകകക്ഷിയായ ഝാർഖണ്ട് മുക്തി മോർച്ചയും സമ്മർദ്ദത്തിലാണ്. ജെഎംഎം ദേശീയ വക്താവ് മനോജ് പാണ്ഡെ മുർമ്മുവിന്‍റെ സ്ഥാനാർത്ഥിത്വം സ്വാഗതം ചെയ്തു. ദ്രൗപദി മുർമു ഉൾപ്പെടുന്ന സാന്താൾ വിഭാഗമാണ് ജെഎംഎമ്മിന്‍റെയും വോട്ട് ബാങ്ക്. അറുപത് ശതമാനം വോട്ടെങ്കിലും ഉറപ്പാക്കാൻ ഇത് എൻഡിഎയെ സഹായിക്കും. ആദിവാസി വിഭാഗത്തിൽപ്പെട്ടൊരാൾ ആദ്യമായി രാഷ്ട്രപതി സ്ഥാനാർത്ഥിയാകുമ്പോൾ പ്രതിപക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നും, ദ്രൌപദി മുർമ്മുവുമായുള്ള വ്യക്തിപരമായ മത്സരമല്ല ഇതെന്നും യശ്വന്ത് സിൻഹ ഇന്ന് വ്യക്തമാക്കി. മത്സരം നടക്കുന്നത് രണ്ട് പ്രത്യയ ശാസ്ത്രങ്ങൾ തമ്മിലാണെന്നും സംസ്ഥാനങ്ങളിൽ നേരിട്ടെത്തി വിവിധ പാർട്ടികളുടെ പിന്തുണ തേടുമെന്നും സിൻഹ അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version