യോഗ അഭ്യസിപ്പിക്കുന്ന ബിവറേജുകൾ

ഞായറാഴ്ച.മറ്റു പറയത്തക്ക പണിയൊന്നുമില്ലാഞ്ഞതിനാൽ ഇരുന്നു മുരടിച്ചപ്പോൾ നേരെ ബിവറേജിലേക്ക് വണ്ടി വിട്ടു.മദ്യം വാങ്ങുന്നതിനോടൊപ്പം ക്യൂവിൽ നിന്നാൽ കുറെനേരം തള്ളിനീക്കുകയും ചെയ്യാം.പിന്നെ ക്ഷമ പരിശീലിക്കുകയുമാവാം.അതും ഒരുതരം യോഗയാണ്.ക്യൂവിൽ നിൽക്കാതെ കുപ്പി കിട്ടണത് യോഗവും!
 അങ്ങനെ ബിവറേജിന്റെ ഒടുക്കത്തെ (തെറ്റിദ്ധരിക്കേണ്ട ഞാനാണ് ഏറ്റവും പിന്നിൽ.ദാ,ഈ പറഞ്ഞ നേരംകൊണ്ട് നാലഞ്ചാളുകൾ എന്റെ പിന്നിൽ നിരന്നു കഴിഞ്ഞു.പിന്നെയും ആരൊക്കെയോ ഓടിയടുക്കുന്നതിന്റെ കാലൊച്ചകൾ… അലമ്പലുകൾ…) ക്യൂവിൽ നിൽക്കുമ്പോഴാണ് അതു കേട്ടത്:
 “…നിക്കൊരു കോർട്ടർ വാങ്ങിത്തര്വോ..ല്ലേൽ ഒരു പത്തുരൂപ…”
 ശബ്ദം കേട്ട് ഇവനാരെടാ എന്ന പുച്ഛത്തോടെ ഞാനുൾപ്പെടെ എല്ലാവരും തിരിഞ്ഞുനോക്കി.സന്യാസിയെപ്പോലെ മുടിയും താടിയും നീട്ടി വളർത്തി,മെലിഞ്ഞൊട്ടിയ ഒരാൾ.എനിക്ക് ആളെ പിടികിട്ടി-പാപ്പാൻ വാസു.സോറി, എക്സ് ആനപാപ്പാൻ വാസു.ഒരുകാലത്ത് ആനപിടിച്ചാൽ നീങ്ങാത്ത തടികൾ ഒറ്റയ്ക്ക് തള്ളിനീക്കിയിരുന്ന ആൾ! ആ ആളാണ് ദാണ്ട് കാറ്റുപിടിച്ചാൽ തെറിച്ചുനീങ്ങണ മാതിരി…
 അയാൾ ഓരോരുത്തരോടായി കെഞ്ചിക്കൊണ്ട് മുന്നോട്ട് വരുന്നുണ്ടായിരുന്നു.ഒടുവിൽ എന്നെയും മറികടന്ന് (ഞാനപ്പോൾ മൊബൈലിൽ ആരോടോ സംസാരിക്കുകയായിരുന്നു, യേത് !)അയാൾ മുന്നോട്ടുതന്നെ പോയി.അപ്പോൾ അയാളുടെ കൈയ്യിൽ ഏതാനും മുഷിഞ്ഞ നോട്ടുകളിരിക്കുന്നത് ഞാൻ കണ്ടു​.ആരുടെയൊക്കെയോ സംഭാവന.അല്ലെങ്കിൽ സഹതാപം!
 ഒടുവിൽ ക്യൂവിന്റെ ഏറ്റവും മുന്നിലെത്തിയ അയാൾ കൈയ്യിലിരുന്ന നോട്ടുകൾ കമ്പിയിഴകൾക്കിടയിലെ ചെറിയ വിടവിൽക്കൂടി കൗണ്ടറിനുള്ളിലേക്ക് നീട്ടി,അതിനു കിട്ടാവുന്ന ഏതോ വിലകുറഞ്ഞതരം മദ്യത്തിന്റെ ഒരു ക്വാർട്ടറും വാങ്ങി നടന്നകലുന്നത് കണ്ടപ്പോഴാണ് ആളുകൾക്ക് തിരിച്ചറിവ് ഉണ്ടായത്:
 “ദെന്ത് പോക്രിത്തരാ സാറെ…!”
 ഞങ്ങൾ അപ്പോഴും താന്താന്റെ ഊഴവും കാത്ത് ക്യൂവിൽ നിൽക്കുകയായിരുന്നല്ലോ!
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version