വോയിസ് കോളില്‍ വീണ്ടും പുതുമയുമായി വാട്സാപ്പ്

വോയിസ് കോളില്‍ വീണ്ടും പുതുമയുമായി വാട്സാപ്പ്. ആൻഡ്രോയിഡിലും ഐഒഎസിലുമാണ് ഗ്രൂപ്പ് വോയ്‌സ് കോൾ വാട്സാപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. വാട്സാപ്പ് കോളില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ മറ്റുള്ളവരെ മ്യൂട്ടാക്കാനോ,അവര്‍ക്ക് മെസെജുകള്‍ അയയ്ക്കാനോ കഴിയും. നേരത്തെ ഗ്രൂപ്പ് കോളില്‍ എട്ടുപേര്‍ പങ്കെടുക്കാമെന്നത് മാറ്റി 32 ആക്കി വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് പുതിയ അപ്ഡേറ്റ്. കോളിലുള്ള ഒരാളെ മ്യൂട്ടാക്കാനോ, മെസെജ് അയയ്ക്കാനോ ആയി ആ വ്യക്തിയുടെ നെയിംകാര്‍ഡ് അമര്‍ത്തി പിടിക്കണം. അപ്പോള്‍ കാണിക്കുന്ന ഓപ്ഷന്‍സില്‍ ഒരു പോപ്പ്അപ്പ് മെനു ദൃശ്യമാകും. ആരെങ്കിലും മ്യൂട്ടാക്കാന്‍ മറന്നാല്‍ ഈ സംവിധാനം അവിടെ സഹായകമാകും. ഒരു കോളിനിടെ ഒരാളെ മനഃപൂർവ്വം മ്യൂട്ടാക്കാനും ഈ സംവിധാനം ദുരുപയോഗം ചെയ്യാം.

എന്നിരുന്നാലും, പങ്കെടുക്കുന്നയാൾക്ക് അൺമ്യൂട്ട് ബട്ടൺ അമർത്തി ഏത് സമയത്തും സ്വയം അൺമ്യൂട്ട് ചെയ്യാനുമവസരമുണ്ട്. ഗ്രൂപ്പ് വോയ്‌സ് കോളുകളിൽ പങ്കെടുക്കുന്നവരെ മ്യൂട്ടാക്കാനും സന്ദേശമയയ്‌ക്കാനുമുള്ള ഓപ്ഷനുകൾക്ക് പുറമേ, കൂടുതൽ ആളുകളെ കോളുകളിൽ ആഡ് ചെയ്യുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ ചെല്ലുന്നതിനുള്ള സംവിധാനവും വാട്ട്‌സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപയോക്താക്കൾക്കും അപ്‌ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വാട്സാപ്പിന്റെ പുതിയ അപേഡഷനില്‍ ഇവ ലഭ്യമാണ്.

സ്വകാര്യത ബോധമുള്ള ഉപഭോക്താക്കൾ അഭിനന്ദിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ വാട്സാപ്പ് സെറ്റ് ചെയ്തിരിക്കുന്നത്. വാട്സാപ്പിലെ ചാറ്റ് ബാക്കപ്പുകൾ ഗൂഗിൾ ഡ്രൈവിലേക്ക് എക്സ്പോർട്ട് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സംവിധാനം ഉടനെ കൊണ്ടുവരുമെന്ന് നേരത്തെ മെറ്റ അറിയിച്ചിരുന്നു. ഗൂഗിൾ ഡ്രൈവിലെ പ്രത്യേക പരിധി റീച്ച് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ബാക്കപ്പുകൾ ഫോണിന്റെ ലോക്കൽ സ്‌റ്റോറേജ് സ്‌പെയ്‌സിലേക്ക് എക്‌സ്‌പോർട്ട് ചെയ്യാനുള്ള സംവിധാനവും വാട്സാപ്പ് ഒരുക്കുന്നുണ്ട്.

ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ബാക്കപ്പുകൾ ആവശ്യമുള്ള സമയത്ത് ഗൂഗിൾ ഡ്രൈവിലേക്ക് വീണ്ടും അപ്‌ലോഡ് ചെയ്യാൻ കഴിയും. എല്ലാവർക്കുമായി അപ്ഡേറ്റ് എന്ന് അവതരിപ്പിക്കും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.പുതിയ അപ്‌ഡേറ്റ് ആദ്യം ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് വിവരം. ഐഒഎസ് പതിപ്പിലേക്കുള്ള ഫീച്ചറാണ് ഉടനെ പുറത്തിറക്കാൻ സാധ്യതയുള്ളത്. ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉടനെ ബീറ്റ ടെസ്റ്ററുകൾക്ക് ഫീച്ചര‍് ലഭ്യമാക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version