NEWSWorld

പാര്‍ട്ടി വിശ്വാസ വോട്ടെടുപ്പില്‍ ജയം; ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരാം

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതല്‍ എംപിമാര്‍ രംഗത്തെത്തിയതോടെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ് ജയം. ബോറിസ് ജോണ്‍സണ് അനുകൂലമായി 211 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 140 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ജയത്തോടെ ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരാം. എന്നാല്‍ അദ്ദേഹത്തിന് പ്രതീക്ഷിച്ചതിലും വോട്ട് കുറവാണ് ലഭിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നു വര്‍ഷം മുന്‍പ് വന്‍ വിജയം നേടിയ പാര്‍ട്ടിയിലെ തന്നെ പകുതിയോളം പേര്‍ ജോണ്‍സിനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ഒന്നാം കൊവിഡ് ലോക്ക്ഡൗണിന്റെ കാലത്ത് ചട്ടം ലംഘിച്ച് തന്റെ വസതിയില്‍ മദ്യപാര്‍ട്ടി നടത്തിയ വിവരം പുറത്തു വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്. മദ്യ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും അതില്‍ ക്ഷമാപണം നടത്തുന്നതായും ബോറിസ് പാര്‍ലമെന്റില്‍ അറിയിച്ചെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും രാജിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ബോറിസിന്റെ മാത്രം വസതിയില്‍ മാത്രമല്ല, മറ്റു മന്ത്രിമാരുടെ വസതിയിലും സമാനമായ മദ്യ സല്‍ക്കാരം നടന്നുവെന്നും ബോറിസ് മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്തുവെന്നും അന്വേഷണ സമിതി കണ്ടെത്തി. ഈ സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് പുറത്തു വന്നത്. ഇതോടെ രാജി ആവശ്യം ശക്തമാകുകയായിരുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 54 എംപിമാര്‍ ആണ് ജോണ്‍സനെതിരെ വിശ്വാസ വോട്ടിനു കത്ത് നല്‍കിത്. 25 എംപിമാര്‍ പരസ്യമായും പ്രതികരിച്ചിരുന്നു. മദ്യസല്‍ക്കാരങ്ങളില്‍ പങ്കെടുത്തതിനു ക്ഷമാപണം നടത്തിയെങ്കിലും രാജ്യം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ രാജിവയ്ക്കില്ലെന്നായിരുന്നു ബോറിസ് ജോണ്‍സന്റെ നിലപാട്.

സംഘടനാചട്ടം അനുസരിച്ച് 15% പാര്‍ട്ടി എംപിമാര്‍ ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പു നടത്തണം. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് 359 എംപിമാരുണ്ട്; 54 എംപിമാര്‍ കത്തെഴുതിയാല്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം. കത്തെഴുതിയ എംപിമാരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്നതില്‍ യഥാര്‍ഥത്തില്‍ എത്ര എംപിമാര്‍ ജോണ്‍സനെതിരെ കത്തു നല്‍കിയിട്ടുണ്ടെന്നത് സമിതിയുടെ ചെയര്‍മാന്‍ ഗ്രഹാം ബാര്‍ഡിക്കു മാത്രമേ അറിയൂ. വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ ബോറിസിന് രാജിയല്ലാതെ വേറെ വഴിയില്ലായിരുന്നു.

വെട്ടിലാക്കിയത് ലോക്ഡൗണ്‍ പാര്‍ട്ടികള്‍:

ആദ്യ ലോക്ഡൗണ്‍ കാലത്ത്, 2020 ഡിസംബറില്‍, ബോറിസ് ജോണ്‍സന്റെ ഔദ്യോഗിക വസതിയില്‍ അടക്കം മന്ത്രിഭവനങ്ങളില്‍ ക്രിസ്മസ് പാര്‍ട്ടികള്‍ നടന്ന വിവരം കഴിഞ്ഞ വര്‍ഷാവസാനം പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡോണിങ് സ്ട്രീറ്റ് ഉദ്യാനത്തില്‍ ബോറിസ് ജോണ്‍സന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത മദ്യസല്‍ക്കാരത്തിന്റെ ഫോട്ടോ ‘ദ് ഗാര്‍ഡിയന്‍’ ദിനപത്രം പുറത്തുവിട്ടു. മദ്യവിരുന്നില്‍ പങ്കെടുത്തതായി സമ്മതിച്ച ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം ഭരണപക്ഷ എംപിമാരും ജോണ്‍സന്റെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി. തുടര്‍ന്ന് അന്വേഷണ കമ്മിഷനെ നിയോഗിക്കുകയായിരുന്നു.

 

Back to top button
error: