NEWSWorld

വധശ്രമത്തിന് പദ്ധതിയെന്ന് സൂചന; ഇമ്രാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി

ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാനെ വധിക്കാൻ പദ്ധതിയിടുന്നതായി അഭ്യൂഹം. ഇതോടെ ഇസ്‌ലാമാബാദിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ബനി ഗാല നഗരത്തിലെ പൊതുപരിപാടിയിൽ ഇമ്രാൻ പങ്കെടുക്കാനിരിക്കെ മേഖലയിൽ വൻ സുരക്ഷാ സന്നാഹമാണ് വിന്യസിച്ചിട്ടുള്ളത്. ഇസ്‌ലാമാബാദിൽ നിരോധനാ‌‌ജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടംകൂടുന്നതിനും മറ്റു പൊതുപരിപാടികൾക്കും നിരോധനമുണ്ട്.

ഇമ്രാനെതിരെ ആക്രമണമോ അരുതാത്തത് എന്തെങ്കിലുമോ ഉണ്ടായാൽ പാക്കിസ്ഥാനെതിരായ ആക്രമണമായി കണക്കാക്കുമെന്നും പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും അനന്തരവൻ ഹസാൻ നിയാസി മുന്നറിയിപ്പ് നൽകി. ബനി ഗാലയിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്നു സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പു നൽകിയതിനു പിന്നാലെ നഗരത്തിന്റെ മുക്കിലുംമൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഇമ്രാൻ ഖാന് വധഭീഷണിയുണ്ടെന്നു സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയതായി മുൻ പാക്ക് മന്ത്രി ഫവദ് ചൗധരി കഴിഞ്ഞ എപ്രിലിൽ പറഞ്ഞിരുന്നു. പാക്കിസ്ഥാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ ഇസ്‌ലാമാബാദിൽ നടത്തിയ റാലിയിൽ ബുളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഉപയോഗിക്കണമെന്ന സുരക്ഷാ ഏജൻസികളുടെ നിർദേശം അദ്ദേഹം തള്ളിയെന്നും ഫവദ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: