വോഡഫോണ്‍ ഐഡിയയുടെ രക്ഷകനായി ആമസോണ്‍; 20,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു

പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ സംവിധാനമായ വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍ ആമസോണ്‍ ഏറ്റെടുക്കുവാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് രംഗത്തെ വമ്പന്‍മാരായ ആമസോണ്‍ 20,000 കോടി രൂപ വരെ നിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. മുന്‍പ് നേരിട്ട വലിയ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ഗവണ്‍മെന്റ് സഹായത്തോടെയാണ് വോഡഫോണ്‍ ഐഡിയ വീണ്ടും സജീവമായി ബിസിനസിലേക്കിറങ്ങിയത്. കമ്പനിയുടെ ആകെ വരുമാനവും പലിശയും ഇക്വിറ്റിയിലേക്ക് മാറ്റുമ്പോള്‍ ഇതിന്റെ 35.8 ശതമാനം സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരിക്കുമെന്നും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെലികോം ഓപ്പറേറ്റര്‍മാരുടെ താരിഫ് ഉയര്‍ത്തിയെങ്കിലും പുതിയ ഉപയോക്താക്താക്കളുടെ കുറവ് കമ്പനിയെ ബാധിച്ചിരുന്നു. അതേ സമയം മാര്‍ച്ച് അവസാനത്തോടെ പത്തു ലക്ഷത്തിലധികം പുതിയ 4ഏ വരിക്കാരുണ്ടായത് കമ്പനിക്ക് ആശ്വാസകരമായി. ഇതോടെ പ്രവര്‍ത്തന ലാഭം സമീപകാല താരിഫ് വര്‍ദ്ധനയുടെ സഹായത്തോടെ ആകെ 22 ശതമാനമായി കൂടി.

കടം വീട്ടാനും കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വേണ്ടി നിക്ഷേപകരെ വോഡഫോണ്‍ ഐഡിയ തിരയുന്നുവെന്നത് നേരത്തെ വാര്‍ത്തയായിരുന്നു. കമ്പനിയുടെ ഭാവിക്ക് വേണ്ടി മൂലധനം സ്വരൂപിക്കുന്നതിന് വേണ്ടി കൂടിയുള്ള മാര്‍ഗമാണിത്. നിലവില്‍ ടെലികോം ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പങ്കാളിയില്ലാത്ത ഒരേയൊരു പ്രധാന ക്ലൗഡ് സേവന കമ്പനിയാണ് ആമസോണ്‍. ആയതിനാല്‍ ആമസോണ്‍ വോഡഫോണ്‍ ഐഡിയയില്‍ നിക്ഷേപിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ദി കെന്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം ഒരു ഭീമന്‍ യുഎസ് ടെക് കമ്പനിയില്‍ നിന്ന് നിക്ഷേപമില്ലാത്ത ഇന്ത്യയിലെ ഒരേയൊരു ടെലികോം ഓപ്പറേറ്റര്‍ വോഡഫോണ്‍ ഐഡിയയുമാണ്. കഴിഞ്ഞ രണ്ടര വര്‍ഷമായി യുഎസ് ടെക് ഭീമന്‍മാരായ ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവ രാജ്യത്തെ തങ്ങളുടെ ക്ലൗഡ് ഓഫറുകള്‍ ശക്തിപ്പെടുത്തുന്നതിനായി റിലയന്‍സ് ജിയോ ഇന്‍ഫോകോം, ഭാരതി എയര്‍ടെല്‍ എന്നിവയില്‍ നിക്ഷേപം നടത്തി വരുന്നുണ്ട്.

ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ പൊതുവായ ക്ലൗഡ് മാര്‍ക്കറ്റില്‍ നിന്ന് 2022 ല്‍ 4.5 ബില്യണ്‍ ഡോളറും 2025 ഓടെ ഏകദേശം 11 ബില്യണ്‍ ഡോളറും വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. വോഡഫോണ്‍ ഐഡിയയെ സംബന്ധിച്ചിടത്തോളം ആമസോണില്‍ നിന്നുള്ള നിക്ഷേപം കമ്പനിക്ക് പുതുജീവന്‍ പകരുക മാത്രമല്ല ചെയ്യുക. 5ജിയുടെ ലേല സമയത്ത് എതിരാളികളായ എയര്‍ടെല്ലിനോടും ജിയോയോടും മത്സരിക്കാനുള്ള കരുത്ത് കൂടിയാകും ഈ കൂട്ടുകെട്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version