NEWS

പഠിപ്പിച്ച അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്

കാസര്‍കോട്: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന പ്രമാദമായ കേസില്‍ ശിക്ഷാ വിധി ഇന്ന്.രണ്ടു പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു.അള്ളറാട് വീട്ടിൽ അരുൺ, പുതിയവീട്ടിൽ വിശാഖ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടയച്ചു. കാസർകോട് ജില്ലാ കോടതി ജഡ്ജിയാണ് വിധി പറഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് മൂന്ന് പേരും.
2017 നവംബര്‍ 13 നാണ് പുലിയന്നൂരിലെ റിട്ട അധ്യാപിക പി വി ജാനകി കൊല്ലപ്പെട്ടത്. സംഭവം നടന്ന് നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ മൂന്നംഗ സംഘം കൊല നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മുഖംമൂടി ധരിച്ച് കവര്‍ച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുരതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് 17 പവന്‍ സ്വര്‍ണ്ണവും 92,000 രൂപയും വീട്ടിൽ നിന്നും മോഷ്ടിച്ചു.
അന്വേഷണത്തിനൊടുവിൽ പ്രദേശവാസികളായ റെനീഷ്, അരുണ്‍, വൈശാഖ് എന്നിവരെ പൊലീസ് പിടികൂടി. ഒന്നാം പ്രതി വൈശാഖിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണം വിൽപ്പന നടത്തിയതിന്റെ ബിൽ ആണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അങ്ങനെയാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്. കൃഷ്ണന്‍റെ കൈകള്‍ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടില്‍ നിന്ന് ലഭിച്ച ഡിഎന്‍എ ഫലവും സഹായകരമായി. 2019 ഡിസംബറില്‍ തന്നെ വിചാരണ പൂര്‍ത്തിയായിരുന്നെങ്കിലും ജഡ്ജിമാര്‍ മാറിയതും കൊവിഡ് പ്രതിസന്ധിയും കാരണം വിധി പറയല്‍ വൈകുകയായിരുന്നു.

Back to top button
error: