KeralaNEWS

കച്ചവടം ഹാഷിഷും മാരക മയക്കുമരുന്നുകളും, ആത്മീയ ചികിത്സകനായ ‘ദിവ്യൻ’ 50 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് അറസ്റ്റിൽ

ലപ്പുറം: ആത്മീയതയാണ് ഏറ്റവും വില്പനയുള്ള ഉൽപ്പന്നം. അതിൻ്റെ മറവിൽ എന്ത് അധോലോകവും നാട്ടിൽ സുഗമമായി നടത്തിക്കൊണ്ടുപോകാനാവും. ആത്മീയചികിത്സയുടെ മറവില്‍ ലഹരി വില്പന നടത്തുന്ന ഒരു ദിവ്യനെ മലപ്പുറത്തു നിന്നും പൊലീസ് പൊക്കി. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയക്കുട്ടി തങ്ങളാണ്(52) ഒരു കിലോ ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പെരുവക്കാട് വച്ച്‌ പോലീസ് പിടിയിലായത്. കഴിഞ്ഞ രണ്ട് മാസത്തോളമായി പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു കോയക്കുട്ടി തങ്ങള്‍. ഇരിങ്ങാട്ടിരിയുള്ള വീട്ടില്‍ വച്ച്‌, പ്രതി ആത്മീയ ചികിത്സ നടത്തി വരുന്നുണ്ട്.

ഇവിടെ നിരവധി പേര്‍ ഇയാളെ കാണാനും എത്താറുണ്ട്. പതിവായി ഏര്‍വാടി സന്ദര്‍ശിക്കുന്ന ആളാണ് കോയക്കുട്ടി തങ്ങള്‍. ലഹരി ഇടപാട് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. പെരുവക്കാട് റോഡരികില്‍ നില്‍ക്കുകയായിരുന്ന കോയക്കുട്ടി തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു.

സഞ്ചിയില്‍ രണ്ട് പൊതികളിലായി സൂക്ഷിച്ച നിലയില്‍ ആയിരുന്നു ഹാഷിഷ് ഓയില്‍. ഏര്‍വാടിയില്‍ നിന്ന് ഇയാള്‍ ഹാഷിഷ് ഓയില്‍ എത്തിക്കുന്നെന്നാണ് നിഗമനം. ഇയാള്‍ ലഹരിമരുന്നിന്റെ മൊത്ത വില്പനക്കാരനാണെന്ന് പോലീസ് സംശയിക്കുന്നു.

ഹാഷിഷ് ഓയില്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഇയാള്‍ ഏര്‍വാടിയില്‍ നിന്നും നേരിട്ട് ശേഖരിക്കുകയാണ് എന്നാണ് പോലീസ് നല്‍കുന്ന വിവരം. അന്താരാഷ്ട്ര വിപണിയില്‍ 50 ലക്ഷത്തില്‍ അധികം രൂപ മൂല്യം ഉള്ളതാണ് ഈ ഹാഷിഷ് ഓയില്‍. മലപ്പുറം ജില്ലയില്‍ ഇയാളില്‍ നിന്നും ലഹരി മരുന്ന് കൈപ്പറ്റുന്ന ഒരുപാട് പേരുണ്ട് എന്ന് പോലീസ് കരുതുന്നു. ഹാഷിഷ് ഓയിലിന് പുറമേ മറ്റ് ഏതെങ്കിലും ലഹരിവസ്തുക്കള്‍ ഇയാള്‍ വിതരണം ചെയ്യുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Back to top button
error: