പ്രതീക്ഷകളേറെ: നീലാചല്‍ ഇസ്പാത് നിഗം ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ടാറ്റ സ്റ്റീല്‍

ടാറ്റ സ്റ്റീല്‍ ഏറെ പ്രതീക്ഷകളോടെ കാണുന്ന നീലാചല്‍ ഇസ്പാത് നിഗം ലിമിറ്റഡിന്റെ (എന്‍ഐഎന്‍എല്‍) ഏറ്റെടുക്കല്‍ നിലവിലെ പാദത്തിന്റെ അവസാനത്തോടെ പൂര്‍ത്തിയാകും. ടാറ്റ സ്റ്റീല്‍ സിഇഒയും എംഡിയുമായ ടി വി നരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിനസ് വിപുലീകരണത്തില്‍ ഏറെ പ്രതീക്ഷകളുമായാണ് ടാറ്റാ സ്റ്റീല്‍ എന്‍ഐഎന്‍എല്ലിനെ ഏറ്റെടുക്കുന്നത്.

ഒഡീഷ ആസ്ഥാനമായുള്ള സ്റ്റീല്‍ നിര്‍മാതാക്കളായ എന്‍ഐഎന്‍എല്ലിന്റെ 93.71 ശതമാനം ഓഹരികള്‍ 12,100 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ജനുവരി 31ന് ടാറ്റ സ്റ്റീല്‍ പ്രഖ്യാപിച്ചിരുന്നു. ”നീലാചല്‍ ഇസ്പത് നിഗം ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തോടെ അവസാനിപ്പിക്കും. ഉയര്‍ന്ന മൂല്യമുള്ള റീട്ടെയ്ല്‍ ബിസിനസ് വിപുലീകരിക്കുന്നത് ഞങ്ങള്‍ വേഗത്തിലാക്കും” ടി വി നരേന്ദ്രന്‍ പറഞ്ഞു.

നിലവില്‍, ടാറ്റ സ്റ്റീലിന് സ്റ്റീല്‍ പ്ലാന്റുള്ള കലിംഗനഗറിലെ 1.1 ദശലക്ഷം ടണ്‍ സംയോജിത എന്‍ഐഎന്‍എല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍ഐഎന്‍എല്ലിന് ആന്തരിക വൈദ്യുതി ആവശ്യകതയും ഓക്സിജന്‍, നൈട്രജന്‍, ആര്‍ഗോണ്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള എയര്‍ സെപ്പറേഷന്‍ യൂണിറ്റും നിറവേറ്റുന്നതിനായി സ്വന്തമായി ക്യാപ്റ്റീവ് പവര്‍ പ്ലാന്റ് ഉണ്ട്. കൂടാതെ, കമ്പനിക്ക് സ്വന്തമായി ഇരുമ്പയിര് ഖനികളുമുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version