KeralaNEWS

മോഷണം പോയ മൊബൈൽ ഫോൺ പിടികൂടിയ ‘ഡിറ്റക്ടീവ് ജസ്ന’ ഓർമിപ്പിക്കുന്ന ഗുണപാഠം, വീട്ടിലെത്തുന്ന അപരിചിതരെ സൂക്ഷിച്ചില്ലെങ്കിൽ മൊബൈൽ ഫോൺ മാത്രമല്ല സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടാം

തൃശൂർ മാളയിൽ 23 കാരിയായ ജസ്നയുടെ മൊബൈൽ ഫോൺ മോഷണം പോയതും സ്വന്തം അന്വേഷണബുദ്ധിയിൽ മണിക്കൂറുകൾക്കുള്ളിൽ ഫോൺ മോഷ്ടിച്ചയാളെ കണ്ടെത്തി തിരികെ വാങ്ങിയതും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

ജസ്നയുടെ ഫോൺ മോഷണം പോയ സമയത്തു തന്നെ തൊട്ടടുത്ത വീട്ടിലെ മൊബൈൽ ഫോണും മോഷണം പോയിരുന്നു. ഇതോടെ മോഷ്ടാവിനെ കണ്ടെത്തണമെന്ന് ജസ്ന ഉറപ്പിച്ചു. ചുറ്റുവട്ടത്തെല്ലാം അന്വേഷിച്ചു. അപ്പോഴാണ് മൊബൈൽ ഫോൺ നഷ്ടമായ സമയത്ത് ഈ പ്രദേശത്ത് ആയുർവ്വേദ ഉത്പന്നങ്ങളുടെ വിൽപ്പനക്കായി ഒരാൾ എത്തിയിരുന്നു എന്ന വിവരം ലഭിച്ചത്.

തുടർന്ന് ജസ്ന മാള പൊലീസ് സ്റ്റേഷനിലെത്തി മൊബൈൽ മോഷണം പോയതായി പരാതി നൽകി. സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതിനിടെ ബസ് സ്റ്റോപ്പിൽ സമാന ആയുർവ്വേദ പ്രൊഡക്ടുകൾ വിൽക്കാനെത്തിയ കുറച്ചുപേരെ കണ്ടു. ഇവരിൽ നിന്ന് കമ്പനി മാനേജരുടെ മൊബൈൽ നമ്പർ വാങ്ങി. വീട്ടിലെത്തിയ ഉടൻ മാനേജരെ വിളിച്ച് കാര്യം പറഞ്ഞു. അയൽവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശത്ത് ആയൂർവേദ മരുന്നുകൾ വിൽക്കാനെത്തിയ ആളുടെ ഏകദേശ രൂപവും പറഞ്ഞുകൊടുത്തു.

തുടർന്ന് മാനേജർ നാല് ഫോട്ടോകൾ അയച്ചുനൽകി. നാട്ടുകാരെ കാണിച്ച് ഇതിൽ നിന്ന് വീട്ടിലെത്തിയയാളുടെ ഫോട്ടോ കണ്ടെത്തി മാനേജരെ അറിയിച്ചു. മാനേജർ ഇയാളെ നേരിട്ട് വിളിച്ച് ചോദ്യം ചെയ്തപ്പോൾ ഫോൺ എടുത്തതായി സമ്മതിച്ചു. ഫോൺ മാനേജർക്ക് നൽകിയ ശേഷം ഈ വിരുതൻ മുങ്ങി.

മാള പൊലീസ് സ്റ്റേഷനിലെത്തി മാനേജർ ജസ്നയുടെ ഫോൺ തിരിച്ച് നൽകി. എന്നാൽ അയൽവാസിയുടെ ഫോൺ ലഭിച്ചിട്ടില്ല.
വീട്ടിലെത്തുന്ന ആക്രിക്കാർ, പലവിധ സാധനങ്ങളുടെ കച്ചവടക്കാർ, നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും സഹായം തേടി വരുന്നവർ, അപരിചിതർ, ഭിക്ഷക്കാർ എന്നിവരെ സൂക്ഷിക്കുക. മൊബൈൽ ഫോൺ മാത്രമല്ല സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ട എത്രയോ പേരുടെ ഉദാഹരണങ്ങളുണ്ട് നമുക്ക് ചുറ്റും.

Back to top button
error: