ശ്രീധന്യയും മിഴിപൂട്ടി, അച്ഛനമ്മമാർക്കടുത്തേയ്ക്കു പോയി ആ പൊന്നുമോളും

കുമിളി: ഒടുവിൽ ശ്രീധന്യയും മരണത്തിനു കൂട്ടു പോയി. ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മകൾ ശ്രീധന്യയും മരിച്ചു. ഇടുക്കി പുറ്റടിയിൽ തിങ്കൾ പുലർച്ചെ ഒരു മണിയോടെയാണ് ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ ശേഷം ഗൃഹനാഥൻ രവീന്ദ്രൻ സ്വയം തീ കൊളുത്തിയത്.

വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടി ഹോളിക്രോസ് കോളജിനു സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണു മരിച്ചത്. മകൾ ശ്രീധന്യ (18) പൊള്ളലേറ്റു ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു ശ്രീധന്യയുടെ അന്ത്യം.

ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ ശേഷം രവീന്ദ്രൻ സ്വയം തീ കൊളുത്തുകയായിരുന്നു എന്ന്പൊലീസ് പറഞ്ഞു. കിടപ്പുമുറിയിൽ തീ ആളിപ്പടർന്നപ്പോൾ മാതാപിതാക്കളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണു തന്റെ ദേഹത്തേക്കും തീ പടർന്നതെന്ന് ശ്രീധന്യ
മൊഴി നൽകിയിരുന്നു. കുടുംബപ്രശ്നങ്ങളാണു മരണകാരണം എന്ന സന്ദേശം വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിലേക്കും സുഹൃത്തിനും രവീന്ദ്രൻ അയച്ചതായി പൊലീസ് കണ്ടെത്തി. അണക്കരയിൽ ജ്യോതി സ്‌റ്റോഴ്സ് എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു രവീന്ദ്രൻ.
പൊള്ളലേറ്റ ശ്രീധന്യ വീടിനു പുറത്തുവന്ന് നിലവിളിച്ചു. മാത്രമല്ല തീപിടിച്ച വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിത്തെറിച്ചു. ഇതതോടെയാണു നാട്ടുകാർ ഓടിക്കൂടിയത്. ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അവശയായി വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ശ്രീധന്യ. അമ്മയെ രക്ഷിക്കണമെന്ന മകളുടെ കരച്ചിൽകേട്ട് അയൽക്കാർ വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെങ്കിലും തീ പടർന്നതിനാൽ സാധിച്ചില്ല. രവീന്ദ്രനും ഉഷയും മരിച്ചു കഴിഞ്ഞിരുന്നു.
എങ്കിലും രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടാണ് മരണം സ്ഥിരീകരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേയ്ക്കുന്നു കൊണ്ടുപോയത്. പിന്നീടാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും ഫയർഫോഴ്‌സും എത്തിയ ശേഷമാണ് തീ അണച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version