സി.ബി.ഐക്കു വിടില്ല, അന്വേഷണവുമായി മുന്നോട്ടു പോകാം; കോടതിയിൽ ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസ് റദ്ദാക്കാൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാനാണു കേസ് പരിഗണിച്ചത്. അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ടു പോകാം. മാത്രമല്ല കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. കേസ് കെട്ടിച്ചമച്ചതാണ്, ബാലചന്ദ്രകുമാറിന്‍റെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ല എന്നായിരുന്നു ദിലീപിന്‍റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.
സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കർ എന്നിവരാണു മറ്റു പ്രതികൾ.

വധഗൂഢാലോചന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ ഈ ആവശ്യത്തെ ശക്തമായി എതിർത്തു. ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറൻസിക് റിപ്പോർട്ടുകളും ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കി.

അതേസമയം, കേസ് റദ്ദാക്കിയില്ലെങ്കിൽ സി.ബി.ഐക്ക് വിടണമെന്ന ശക്തമായ വാദമാണ് പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. കേസ് സി.ബി.ഐക്ക് വിടാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് അന്വേഷണസംഘം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതോടെ സി.ബി.ഐ അന്വേഷണ സാദ്ധ്യതതയും മങ്ങി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version