KeralaNEWS

മോഹൻബഗാനും സെമിയിൽ; ഇനിയുള്ളത് കേരള ബ്ലാസ്റ്റേഴ്സ് അല്ലെങ്കിൽ മുംബൈ

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചതോടെ ജംഷഡ്പൂരിനും ഹൈദരാബാദിനുമൊപ്പം എടികെ മോഹന്‍ബഗാനും പ്ലേ ഓഫിലെത്തി.ആദ്യ പകുതിയുടെ അവസാന നിമിഷം റോയ് കൃഷ്ണയാണ് ബഗാന് വേണ്ടി ഗോള്‍ നേടിയത്.
ഇതോടെ 19 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുള്ള എടികെ മോഹന്‍ബഗാന്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ജംഷെദ്പുര്‍ എഫ്‌സിയും (18 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റ്), മൂന്നാമതുള്ള ഹൈദരാബാദും (19 മത്സരങ്ങളില്‍ നിന്ന് 36 പോയിന്റ്) നേരത്തെ പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ചിരുന്നു.
സെമിഫൈനലിൽ ഇനിയുള്ള ഒരു സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത് രണ്ടു ടീമുകളാണ്.നിലവിൽ നാലാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സും അഞ്ചാം സ്ഥാനത്തുള്ള മുംബൈയും.മാര്‍ച്ച്‌ അഞ്ചിന് നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി ഹൈദരാബാദിനോട് പരാജയപ്പെട്ടാലോ, അല്ലെങ്കില്‍ ആ മത്സരം സമനിലയില്‍ കലാശിച്ചാലോ ബ്ലാസ്‌റ്റേഴ്‌സിന് സെമിയിലെത്താം.മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയാല്‍, മാര്‍ച്ച്‌ ആറിന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്  ഗോവയ്ക്കെതിരെ കുറഞ്ഞത് സമനിലയെങ്കീലും ലഭിച്ചാൽ മാത്രമേ പ്ലേ ഓഫില്‍ പ്രവേശിക്കാനാകൂ.
മുംബൈ ഹൈദരാബാദിനെതിരെ വിജയിക്കുകയും ബ്ലാസ്റ്റേഴ്സ് ഗോവയോട് തോൽക്കുകയും ചെയ്താൽ ബ്ലാസ്റ്റേഴ്സ് പുറത്താകും.

Back to top button
error: