KeralaNEWS

ഗവിയിലേക്ക് ഒരു യാത്ര

ദ്യമേ പറയട്ടെ,ഗവി എന്നു കേട്ട് ഗവിയിലേക്ക് ഓടി വരാതെ ഗവിയിലേക്കുള്ള യാത്രയാണ് ആസ്വദിക്കേണ്ടത്.മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്നും ഗവിയെ വ്യത്യസ്തമാകുന്നതും ഇതുതന്നെയാണ്.അതുപോലെ വണ്ടിപ്പെരിയാർ വഴി ഒരിക്കലും ഗവി കാണാൻ ഇറങ്ങരുത്.പത്തനംതിട്ടയിൽ നിന്നോ റാന്നി വഴിയോ ശബരിമല റൂട്ടിൽ ആങ്ങമുഴി വന്നിട്ട് ആങ്ങമുഴി-ഗവി യാത്രണ് തിരഞ്ഞെടുക്കേണ്ടത്.അപ്പോൾ മാത്രമേ ഗവിയുടെ യഥാർത്ഥ ‘ഗർവ്’ നിങ്ങൾക്ക് കാണാൻ സാധിക്കുകയുള്ളൂ.
 
വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി.വനങ്ങളാൽ ചുറ്റപ്പെട്ട ഗവിയിൽ പച്ചപ്പിന്റെ തണുപ്പും, പ്രകൃതിയുടെ മനോഹാരിതയുമാണ് പ്രധാന ആകർഷണം.സമുദ്രനിരപ്പില്‍ നിന്നും 3400 അടിയോളം ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്.ഒരു ദിവസം മുപ്പതു വാഹനങ്ങൾക്ക് മാത്രമേ ഗവിയിലേക്ക് പ്രവേശനം ഉള്ളു.ചെക്ക് പോസ്റ്റിൽ നിന്ന് ലഭിക്കുന്ന(ഓൺലൈൻ വഴിയും എടുക്കാം) പാസ് മുഖേനയാണ് പ്രവേശനം.അതിനാൽ അതിരാവിലെ തന്നെ ഇവിടെ എത്താൻ ശ്രമിക്കുക.ചെക്പോസ്റ്റിൽ നിന്നാണ് പാസ് വിതരണം.പാസ് ലഭിക്കാത്തവർക്ക് പത്തനംതിട്ട കെ .എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഗവി വഴി കുമളിയിലേക്കും തിരിച്ചും ഓരോ ബസ് വീതമുണ്ട്.ഇതിൽ യാത്ര ചെയ്യാം.രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നുമാണ് പത്തനംതിട്ടയിൽ നിന്നും ഈ സര്‍വ്വീസുകള്‍.പ്ലാസ്റ്റിക്, മദ്യം, പുകയില… തുടങ്ങിയ വസ്തുക്കൾക്ക് ഗവിയിൽ കർശന നിയന്ത്രണമാണുള്ളതെന്നും മറക്കരുത്.
ഈ റൂട്ടിൽ ആങ്ങമൂഴിയിലാണ് ഫോറസ്റ്റിന്റെ ആദ്യ ചെക്ക് പോസ്റ്റ് ഉള്ളത്.അവിടെ നിന്നാണ് ഗവിയിലേക്കുള്ള പാസ് കൊടുക്കുന്നത്.അവിടെ ചെന്ന് വണ്ടി നമ്പർ, ഫോൺ നമ്പർ, യാത്രക്കാരുടെ അഡ്രസ് എന്നിവ എഴുതിക്കൊടുത്തു വേണം പാസ് എടുക്കാൻ. പാസ് രാവിലെ 7 മണി മുതൽ കൊടുത്തു തുടങ്ങും. ശ്രദ്ധിക്കുക:ടു വീലേഴ്സിന് ഗവിയിലേക്ക് പാസ് നൽകുകയില്ല. കൂടാതെ സ്വന്തം വണ്ടിയിലാണെങ്കിൽ ചെറുവണ്ടികളിൽ (കാർ പോലുള്ള വണ്ടികളിൽ) വരാതിരിക്കാൻ ശ്രമിക്കുക. 110 കിലോമീറ്ററോളം  ഓഫ് റോഡ് ആണ്. ചെറിയ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം.ജീപ്പ് പോലുള്ള വാഹനങ്ങളായിരിക്കും ഒന്നുകൂടി നല്ലത്‌.വീണ്ടും പറയട്ടെ, ആങ്ങമൂഴി ചെക് പോസ്റ്റ് മുതൽ  വള്ളക്കടവ് ചെക്ക് പോസ്റ്റ് വരെയുള്ള യാത്ര അതാണ് ഗവി യാത്ര.അല്ലാതെ ഗവി എന്നും പറഞ്ഞു ഓടി ഗവിയിൽ എത്തി അവിടെ ഒന്നും കാണാനില്ല എന്നും പറഞ്ഞു നിരാശപെടുന്നതിൽ അർത്ഥമില്ല.
ഗവി പോവുന്ന വഴിക്ക് മൊത്തം 7 ചെക്ക് പോസ്റ്റുകളാണുള്ളത്.ആദ്യത്തെ(കിളിയെറിഞ്ഞാംകല്ല്) ചെക്ക് പോസ്റ്റിൽ നമ്മൾ നേരത്തെ എടുത്ത പാസും കാറിലുള്ള ബോട്ടിലിന്റെയും മറ്റും എണ്ണവും എല്ലാം കണക്കെടുത്തു വണ്ടി ചെക്ക് ചെയ്താണ് ഉള്ളിലേക്ക് കടത്തി വിടുന്നത്.ഇവിടെ കുട്ടവഞ്ചി സവാരിക്കും അവസരമുണ്ട്.
 ഗവിയിലേക്കുള്ള യാത്രയിൽ ഒന്നാമത്തെ ഡാം ആണ് മൂഴിയാർ ഡാം. വിഡിയോ -ഫോട്ടോഗ്രാഫി ഡാമിൽ അനുവദനീയമല്ല.മലകളാൽ ചുറ്റപ്പെട്ട ഡാമിന്റെ ഭംഗി വിവരണാതീതമാണ്.പിന്നീട് മൂഴിയാർ ഡാം.അത് കഴിഞ്ഞു പോകുന്ന വഴിക്കു കക്കി ഡാമിന് തൊട്ടു മുന്നിലായി ഭീമൻ പെൻസ്സ്ട്രോക്ക് പൈപ്പുകൾ കാണാൻ സാധിക്കും.കക്കി ഡാമിൽനിന്നും മൂഴിയാർ ഡാമിലേക്ക് കറൻറ്റിനു ആവിശ്യമായ വെള്ളം ഈ പൈപ്പിലൂടെയാണ്  പമ്പ് ചെയ്യുന്നത്. ഏകദേശം 25 കിലോമീറ്ററോളം പൈപ്പുകളുണ്ട്.അതിൽ 5 കിലോമീറ്ററുകളോളം ഭൂഗർഭ ടണലിലൂടെയാണ് പൈപ്പ് വരുന്നത്.കക്കി ഡാമും അതിനോട് ചേർന്നുള്ള വ്യൂ പോയിന്റും വളരെ മനോഹരമായ ഒരു കാഴ്ചയാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്.
കക്കി ഡാമും കഴിഞ്ഞു മുന്നോട്ടു പോവുമ്പോൾ ഒരു എക്കോ ടൂറിസം പോയിന്റ് കാണാൻ സാധിക്കും.അവിടെ നിന്നും മുന്നോട്ടു സഞ്ചരിച്ചാൽ അടുത്ത ഡാം ആയ ആനത്തോട് ഡാമാണ് വരുന്നത്.അവിടെ നിന്നും മുന്നോട്ടു നീങ്ങിയാൽ ആനത്തോട് ചെക്ക് പോസ്റ്റിൽ എത്തിപ്പെടും.നമ്മൾ നേരത്തെ എടുത്ത പാസിന്റെ ലൈഫ് ഈ ചെക്‌പോസ്റ്റിൽ തീരും.ഇവിടെ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കയറുകയാണ്.ഒരു വണ്ടിക്ക് 300 രൂപയാണ് ചെക്ക് പോസ്റ്റിൽ ഫീ വരുന്നത്.വൈകുന്നേരം 6 മണിക് മുന്നേ ഗവി ചെക്ക് പോസ്റ്റിൽ ഇറങ്ങിയിരിക്കുകയും വേണം എന്ന കർശന നിർദേശം തന്നാണ്  ഇവിടുന്നു വിടുന്നത്.
അവിടെനിന്നും അടുത്തതായി വരുന്ന ചെക്ക് പോസ്റ്റ് ആണ് പച്ചക്കാനം ചെക്ക് പോസ്റ്റ്. അവിടേയും നമ്മുടെ വണ്ടിയുടെ ഡീറ്റൈൽസും മറ്റും എഴുതി രേഖപ്പെടുത്തണം.ഗവി എത്തുന്നതിനു തൊട്ടുമുമ്പാണ് കൊച്ചുപമ്പ. മുൻകൂട്ടി ബുക്ക് ചെയ്താൽ അവിടെ നമുക്കാവിശ്യമായ ഫുഡും മറ്റും  ലഭിക്കും.മിനി ഡാമും ബോട്ട് സവാരിയും ഇവിടെയുണ്ട്.75 രൂപയാണ് ഒരാൾക്ക് നിരക്ക് വരുന്നത്. ഇവിടെ നിന്നു 10 കിലോമീറ്റെർ സഞ്ചരിച്ചാൽ  ഗവി എത്താം.അതിന് മുന്നേയായി ഒരു ചെക്ക് ഡാമും ഉണ്ട്.
ഗവിയിൽ കാണാൻ ഉള്ളത്  ഗവിയാർ ഡാമും  അതിന്റെ തീരത്തുള്ള ചെറിയൊരു പൂന്തോട്ടവും ഡാമിലെ ബോട്ടിങ്ങുമാണ്.വനം വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാംപിംഗ്, ട്രെക്കിംഗ്, ബോട്ടിംഗ്, ജംഗിള്‍ സഫാരി എന്നിവ ഇവിടെ നടത്തുന്നുണ്ട്.നിത്യഹരിത വനങ്ങള്‍ നിറഞ്ഞ ഗവിയിലെ പ്രധാന കാഴ്ചകള്‍ അവിടുത്തെ വന്യജീവികള്‍ ത‌ന്നെയാണ്.
ഗവിയിൽനിന്നും 30 കിലോമീറ്ററാണ് വള്ളക്കടവ് ചെക്ക് പോസ്റ്റ് കടന്ന് വണ്ടിപെരിയാറിലേക്കുള്ളത്.
പത്തനംതിട്ട അല്ലെങ്കിൽ റാന്നി വഴി വടശ്ശേരിക്കര ,സീതത്തോട് ,ചിറ്റാർ ,ആങ്ങമൂഴി വഴിയാണ് ഗവിയിലേക്ക് പോകേണ്ടത്,തിരികെ വണ്ടിപ്പെരിയാർ വഴി മടങ്ങാം.വര്‍ഷത്തില്‍ ഏത് സമയവും യാത്ര ചെയ്യാന്‍ പറ്റുന്ന കാലാവസ്ഥയാണ് ഗവിയിലേത്.
പാക്കേജ് വഴി വരുന്നവർക്ക് പരിശീലനം ലഭിച്ച ഇക്കോ ടൂറിസത്തിലെ ഗൈഡിന്റെ സേവനം, ഗവി ഡാമിൽ ബോട്ടിങ്‌, സുരക്ഷിത മേഖലകളിൽ ട്രക്കിങ്‌, സൈക്ലിങ്‌, മൂടൽ മഞ്ഞ് പുതച്ച്‌ കിടക്കുന്ന ചെന്താമര കൊക്ക, ശബരിമല വ്യൂ പോയിന്റ്,ഏലത്തോട്ട സന്ദർശനം എന്നിവ ഉണ്ടായിരിക്കും. ഇതിൽ പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകുന്നേരത്തെ ചായ എന്നിവയും ലഭിക്കും.

രാത്രികാല താമസം ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം പകൽ രണ്ടു മുതൽ പിറ്റേന്ന് രണ്ടു വരെ തങ്ങാനുള്ള പാക്കേജുമുണ്ട്. രാവിലെ വനത്തിലൂടെ വാഹനസവാരിക്കും അവസരം കിട്ടും. രാത്രി വനത്തിനുള്ളിൽ ക്യാമ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ ടെന്റുകൾ സ്ഥാപിച്ചും സൗകര്യമൊരുക്കുന്നുണ്ട്.

Back to top button
error: