LIFENewsthen Special

ഓൺലൈൻ വ്യാപാരവും ‘ഓഫ് ലൈനാകുന്ന’ ജീവിതങ്ങളും

സാധനങ്ങൾ വിലകുറച്ച് കിട്ടുമെന്ന് കരുതുന്നതിനാലും,
കടകളിൽ കിട്ടാത്ത പല സാധനങ്ങളും ഓൺലൈനിൽ കിട്ടുമെന്ന് കരുതുന്നതിനാലും,
കടകളിൽ പോകാതെ തന്നെ സാധനങ്ങൾ വീടുകളിൽ എത്തുന്നതിനാലും,
എല്ലാ സാധനങ്ങളും ഒരു കുത്തക കടയിൽ കിട്ടുന്നതിനാലും,
എല്ലാവർക്കും ഇന്ന് അവിടെ നിന്നും സാധനങ്ങൾ വാങ്ങാനാണ് ഏറെയിഷ്ടം.
ഇത്തരം സൗകര്യങ്ങൾ ഉള്ളതു കൊണ്ട് ആരെയും തന്നെ അതിന്റെ പേരിൽ കുറ്റപ്പെടുത്താനും കഴിയില്ല.എല്ലാത്തിനും ഒരു നല്ല വശം ഉണ്ടെങ്കിൽ തീർച്ചയായും അതിനൊരു മോശം വശം കൂടി ഉണ്ടാകുമല്ലോ.
 സെന്റിന് 10000 രൂപയിൽ താഴെയുള്ള വിജനമായ സ്ഥലത്തു വന്ന് ഒരാൾ  ഒരു കട തുടങ്ങിയെന്നിരിക്കട്ടെ.അവിടെ മറ്റു കടകൾ ഇല്ലാത്തതിനാൽ അയാൾക്ക് അത്യാവശ്യം കച്ചവടം കിട്ടുകയും ചെയ്യും.അങ്ങനെ
കൂടുതൽ ആളുകൾ കടയിലേക്ക് സാധനം വാങ്ങാൻ വരാൻ തുടങ്ങിയപ്പോൾ മറ്റൊരാൾ വന്ന് അതിന്റെ തൊട്ടപ്പുറത്തായി മീൻ കച്ചവടം തുടങ്ങി.അത് കണ്ട് വേറൊരാൾ ഇറച്ചിക്കടയും തുടങ്ങി.
അവിടേക്ക് കൂടുതൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ വരാൻ തുടങ്ങിയപ്പോൾ അവിടെ കൂടുതൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങളും വരാൻ തുടങ്ങി.
സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂടുതലായി വരാൻ തുടങ്ങിയപ്പോൾ അവിടെ ബസിന് സ്റ്റോപ്പായി.അതോടെ ഒന്നുരണ്ടു ഓട്ടോകൾ അവിടെ കിടന്ന് ഓടാൻ തുടങ്ങി.പിന്നീട് ഓട്ടോകളുടെ എണ്ണം വർദ്ധിച്ചു.ധാരാളം ആളുകൾക്ക് ഇതു മൂലം തൊഴിൽ കിട്ടി.തുണിക്കട ഉടമയും ജീവനക്കാരും അവിടെയുള്ള പല ചരക്കുകടയിൽ നിന്നും സാധങ്ങൾ വാങ്ങും, പല പലചരക്കു കടക്കാരനും ജീവനക്കാരും അവിടെയുള്ള കടയിൽ നിന്നും ചിക്കനും മീനും വാങ്ങും.ചിക്കൻ കടക്കാരനും ജീവനക്കാരും  അവിടെയുള്ള പച്ചക്കറി കടയിൽ നിന്നും പച്ചക്കറികൾ വാങ്ങും.അങ്ങനെ ആ അങ്ങാടിയിൽ വരുന്ന പണത്തിന്റെ നല്ലൊരു ശതമാനം അവിടെ തന്നെ ചിലവഴിയുകയും ചെയ്തു.
 കച്ചവടക്കാർ അവർക്ക് കിട്ടിയ ലാഭം കൊണ്ട് വീട് വയ്ക്കുകയും കൃഷി ചെയ്യുകയും ചെയ്തപ്പോൾ വളരെയേറെ തൊഴിലാളികൾക്ക് ജോലി കിട്ടി തുടങ്ങി. ചുരുക്കി പറഞ്ഞാൽ ഉപഭോക്താക്കൾ അവിടെ ചിലവാക്കുന്ന പണം അവിടെ തന്നെ സർക്കുലേഷൻ നടക്കുന്നതിനാൽ ആ നാട് വികസിച്ചു തുടങ്ങി.മുമ്പ് സെന്റിന് 10000 രൂപയിൽ താഴെ വില ഉണ്ടായിരുന്ന സ്ഥലത്തിന് ഇപ്പോൾ 3 ലക്ഷം രൂപ വില ആയി.
നമ്മുടെ നാട്ടിലെ കച്ചവടം വളരും തോറും നമ്മുടെയും നമ്മുടെ സ്വത്തിന്റെയും വില വർധിക്കും, കൂടുതൽ നാട്ടുകാർക്ക് തൊഴിലും ലഭിക്കും.തിരിച്ചാണെങ്കിലോ, നമ്മുടെ നാട്ടിലെ കടകളിൽ നിന്നും നമ്മൾ സാധനം ഒന്നും വാങ്ങാതെ ചില്ലറ ലാഭത്തിനു വേണ്ടി കുത്തക കടകളിൽ നിന്നും ഓൺലൈൻ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ, നമ്മുടെ നാട്ടിലെ കടകൾ കച്ചവടം ഇല്ലാതെ അടച്ചു പൂട്ടും.ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടും.അന്യ നാട്ടുകാരായ കുത്തക വ്യാപാരികളും ഓൺലൈൻ സൈറ്റ് ഉടമകളും നമ്മുടെ നാട്ടിലെ പണം അവരുടെ നാട്ടിലേക്ക് അല്ലെങ്കിൽ അന്യ രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോകും.
3 ലക്ഷം രൂപ സെന്റിന് മാർക്കറ്റ് വന്ന സ്ഥലം പിന്നെ 1ലക്ഷത്തിനു പോലും വാങ്ങാൻ ആളെ കിട്ടില്ല.സ്ഥലത്തിന്റ വിലയുടെ ഒപ്പം തന്നെ നമ്മുടെ വിലയും സമ്പത്തും കുറയും. ലോണെടുത്തും കടം വാങ്ങിയും കടകൾ തുടങ്ങിയ പല വ്യാപാരികളും ആത്മഹത്യ ചെയ്തെന്നും വരാം.അവരുടെ സ്ഥാപനത്തിലെ ജീവനക്കാർ തൊഴിൽ രഹിതരാകുകയും അവരുടെ കുടുംബം പട്ടിണിയിലുമാകും.
അതിനാൽ നമുക്ക് നമ്മുടെ നാട്ടിലെ വ്യാപാര സ്ഥാപനങ്ങൾ സംരക്ഷിക്കുക തന്നെ വേണം.
നമുക്ക് വേണ്ടിയും നമ്മുടെ അടുത്ത തലമുറകൾക്കു വേണ്ടിയും.അതിനാൽ നമ്മുടെ സമീപത്തുള്ള കടകളിൽ കിട്ടുന്ന സാധനങ്ങളെങ്കിലും അവിടെ നിന്നും വാങ്ങാൻ ശ്രമിക്കുക.
നാടും
നാട്ടുകാരും
വളരട്ടെ, കൊറോണ പോലെയുള്ള ഈ കെട്ട കാലത്തിലെങ്കിലും അതിന്റെ ഗുണം അറിയാതെ പോകരുത് !

Back to top button
error: